പ്ലസ് ടു കഴിഞ്ഞു; ഇനി എന്ത്?

പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും കിന്റര്‍ഗാര്‍ട്ടന്‍ പഠനമുള്‍പ്പെടെ 14 വര്‍ഷത്തെ അദ്ധ്യയനമാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി നടത്തുന്നത്. മനുഷ്യായുസ്സിലെ സുദീര്‍ഘമായൊരു കാലഘട്ടംതന്നെയാണിത്. എന്നിട്ടും ഉപരിപഠനത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരുടെ എണ്ണം എന്തു കൊണ്ടോ വര്‍ധിക്കുന്നില്ല. മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്നീ യാഥാസ്ഥിതിക ദിശാസൂചകങ്ങളെ കേന്ദ്രീകരിച്ചാണ് ശരാശരി മലയാളിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വളരുന്നത്. രാജ്യത്തെ വിവിധ എന്‍ജിനീയറിംഗ് കോളജുകളിലായി 14.25 ലക്ഷം എന്‍ജിനീയറിംഗ് സീറ്റുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. മെഡിസിന് 40,325 സീറ്റുകള്‍ മാത്രമേയുള്ളൂ. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന ഉപരിപഠന കോഴ്‌സുകളില്‍ 37 ശതമാനം എന്‍ജിനീയറിംഗ് വിഷയങ്ങള്‍ തന്നെയാണ്. അതുകൊണ്ട് എന്‍ജിനീയറിംഗ് രംഗത്തെ വ്യത്യസ്തവും തൊഴില്‍ സാദ്ധ്യതകൂടിയതുമായ കോഴ്‌സുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

നാനോ ടെക്‌നോളജി

നമ്മുടെ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും കൈവെള്ളയില്‍ ഒതുങ്ങുന്ന രീതിയിലേക്ക് രൂപമാറ്റം വന്നതിന്റെ പിന്നിലുള്ള ടെക്‌നോളജിയാണ് നാനോ ടെക്‌നോളജി എന്ന് ചുരുക്കത്തില്‍ പറയാം. വളരെ ചെറിയ ഉപകരണങ്ങള്‍ തുടങ്ങി ബഹിരാകാശ വാഹനങ്ങള്‍വരെയുള്ള ടെക്‌നോളജിയുടെ സമസ്ത മേഖലകളിലും ഈ സാങ്കേതിക വിദ്യ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആധുനിക പ്രതിരോധ ആയുധങ്ങള്‍, സോളാര്‍ പാനല്‍ തുടങ്ങിയവയിലെല്ലാം ഉപയോഗിക്കുന്നത് നാനോ ടെക്‌നോളജിയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ഈ മേഖല വളര്‍ച്ചയുടെ ഘട്ടത്തിലാണ്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ എടുത്ത് 50 മാര്‍ക്കോടെ പാസാകുന്നവര്‍ക്ക്. നാനോ ടെക്‌നോളജിയുടെ ഇന്റഗ്രേറ്റഡ് ബി.ടെക് കോഴ്‌സിന് ചേരാം. ഇതോടൊപ്പമുള്ള വിവിധ പ്രോഗ്രാമുകളില്‍ അഡ്മിഷന്‍ നേടുന്നതിനുള്ള അടിസ്ഥാന യോഗ്യതയും ഇത് തന്നെയാണ്.
കേരളത്തില്‍ കോഴിക്കോട് എന്‍.ഐ.ടി, മഹാത്മാഗാന്ധി സര്‍വകലാശാല, കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, തുടങ്ങിയ സ്ഥാപനങ്ങളില്‍ നാനോ ടെക്‌നോളജി, നാനോ ടെക്‌നോളജി അനുബന്ധ കോഴ്‌സുകള്‍ നിലവിലുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും അടക്കം പല സംസ്ഥാനങ്ങളിലും നാനോ ടെക്‌നോളജി കേന്ദ്രീകരിച്ച് ബി.ടെക് കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്.

നാനോ ടെക്‌നോളജി കോഴ്‌സുകള്‍ നടക്കുന്ന സ്ഥാപനങ്ങള്‍

1. അളഗപ്പ യൂണിവേഴ്‌സിറ്റി, കാരൈക്കുടി, തമിഴ്‌നാട്
2. അമിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാനോ ടെക്‌നോളജി, നോയിഡ യു.പി
3. അണ്ണാ യൂണിവേഴ്‌സിറ്റി, ചെന്നൈ
4. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വരണാസി
5. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി, ബാംഗ്ലൂര്‍
6. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹി
7. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍
8. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹി
9. ഉസ്മാനിയ യൂണിവേഴ്‌സിറ്റി, ഹൈദ്രാബാദ്
10. കാണ്‍പൂര്‍, ഗോഹട്ടി, ഖരഖ്പൂര്‍ ഐ.ഐ.ടി.കള്‍

മെക്കാട്രോണിക്‌സ്- എന്‍ജിനീയറിംഗ് മേഖലയിലെ പുതുവസന്തം

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് ശാഖകള്‍ സമന്വയിപ്പിച്ച ഫ്യൂഷന്‍ കോഴ്‌സാണ് മെക്കാട്രോണിക്‌സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിംഗ്, കണ്‍ട്രോള്‍ എന്‍ജിനീയറിംഗ്, സിസ്റ്റം ഡിസൈന്‍ എന്‍ജിനീയറിംഗ് എന്നീ എന്‍ജിനീയറിംഗ് പഠന പദ്ധതികളുടെ ചേരുവകളും ഇതില്‍ വരും. മെക്കാട്രോണിക്‌സില്‍ ബി.ടെക്, ഡിഗ്രി-ഡിപ്ലോമ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ എന്നിവ നിലവിലുള്ള കോഴ്‌സുകളാണ്.

ഇന്ത്യയിലെ മെക്കാട്രോണിക്‌സ് പഠനകേന്ദ്രങ്ങള്‍

1. എസ്.കെ.എം. യൂണിവേഴ്‌സിറ്റി ചെന്നൈ.
2. ശാസ്ത്ര യൂണിവേഴ്‌സിറ്റി തഞ്ചാവൂര്‍ തമിഴ്‌നാട്
3. മണിപ്പാല്‍ യൂണിവേഴ്‌സിറ്റി, കര്‍ണാടക
4. കുമാരഗുരു കോളജ് ഓഫ് ടെക്‌നോളജി, കോയമ്പത്തൂര്‍
5. കാല്‍പ്പാക്കം കോളജ് ഓഫ് എന്‍ജിനീയറിംഗ്, കോയമ്പത്തൂര്‍
6. ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ്, ബാംഗ്ലൂര്‍
7. ഏഷ്യ-പെസഫിക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഹരിയാന
8. ഭാരത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ചെന്നൈ
9. കെ.എസ്. രങ്കസ്വാമി കോളജ് ഓഫ് ടെക്‌നോളജി തിരുപ്പന്‍കോട് (തമിഴ്‌നാട്)

പെട്രോളിയം എന്‍ജിനീയറിംഗ്

ഇന്ന് ഇന്ത്യയിലും ഗള്‍ഫ് നാടുകള്‍ അടക്കമുള്ള വിദേശ രാജ്യങ്ങളിലും ഏറെ തൊഴില്‍ സാധ്യതയുള്ള മേഖലയാണിത്. എണ്ണ പ്രകൃതി വാതകങ്ങളുടെ ഉത്പാദനം, ഖനനം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ ഉള്‍പ്പെടുന്ന എന്‍ജിനീയറിംഗ് മേഖലയാണിത്. ജിയോ ഫിസിക്‌സ്, പെട്രോളിയം, ജിയോളജി എന്നീ വിഷയങ്ങള്‍ ഈ എന്‍ജിനീയറിംഗ് ശാഖയുടെ പ്രധാന വിഷയങ്ങളാണ്. ഏത് എന്‍ജിനീയറിംഗ് തൊഴില്‍ മേഖലയേക്കാളും കൂടുതല്‍ ശമ്പളം ലഭിക്കുന്ന പ്രൊഫഷനാണിത്.
പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് ട്രൂപ്പെടുത്ത് വിജയിക്കുന്നവര്‍ക്ക് ഐ.ഐ.റ്റി, ജെ.ഇ.ഇ., എ.ഐ.ഇ.ഇ.ഇ പ്രവേശന പരീക്ഷകളിലൂടെ ബി.ടെക് പെട്രോളിയം എന്‍ജിനീയറിംഗിന് ചേരാനാവും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.rgi pt.in
www. upes.ac.in എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.

ഓഷ്യന്‍ എന്‍ജിനീയറിംഗ്

സമുദ്രവും തുറമുഖങ്ങളും സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ മേഖലകളും അടങ്ങുന്ന വിശാലമായ എന്‍ജിനീയറിംഗ് ശാഖയാണ് ഓഷ്യന്‍ എന്‍ജിനീയറിംഗ്. പ്രത്യേകിച്ച് നേവല്‍ ആര്‍ക്കിടെക്ച്ചര്‍. ഓഫ്‌ഷോര്‍ എന്‍ജിനീയറിംഗ്, മറൈന്‍ എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ് തുടങ്ങിയവയുമായി ബന്ധമുള്ള എന്‍ജിനീയറിംഗ് പഠനശാഖയാണിത്.
കേരളത്തില്‍ കുസാറ്റിലും ഇന്ത്യയിലെ വിവിധ ഐ.ഐ.ടികളിലും എന്‍.ഐ.ടികളിലും പഠനാവസരമുണ്ട്.

മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ്

രാജ്യത്തെമ്പാടും ഹൈടെക്ക് ആശുപത്രികള്‍ ഉയര്‍ന്നുവരുന്ന കാലമാണിത്. മിക്ക ആശുപത്രികളും ചികിത്സാ രംഗത്ത് മികവ് പുലര്‍ത്തുന്നത് അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ മേന്മയിലാണ്. ഈ ഉപകരണങ്ങളുടെ പരിപാലനത്തിനോ കേടുപാടുകള്‍ തീര്‍ക്കാനോ പരിശീലനം സിദ്ധിച്ചവരെ കിട്ടാനില്ല എന്നതാണ്. മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് രംഗം നേരിടുന്ന പ്രധാന വെല്ലുവിളി. സപ്ലെ കുറയുകയും ഡിമാന്റ് കൂടുകയും ചെയ്യുന്ന ഈ കോഴ്‌സ് ഇന്ത്യയിലും വിദേശത്തും മികച്ച തൊഴില്‍ സാദ്ധ്യതയാണ് ഉറപ്പ് നല്‍കുന്നത്.

ഈ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍

1. ദയാനന്ദ സാഗര്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് ബാംഗ്ലൂര്‍
2. എം.എസ്. രാമയ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ബാംഗ്ലൂര്‍

ഫാര്‍മസ്യൂട്ടിക്കല്‍ എന്‍ജിനീയറിംഗ്

ആരോഗ്യ പരിപാലനരംഗം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് മരുന്നുകളുടേയും അനുബന്ധ വസ്തുക്കളുടേയും ഉത്പാദനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഔഷധ നിര്‍മ്മാണശാസ്ത്രവും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് മരുന്നുകളുടെ നിര്‍മ്മാണവും നിര്‍മ്മാണത്തിന് വേണ്ട പ്രവര്‍ത്തനങ്ങളുമാണ് ഈ എന്‍ജിനീയറിംഗ് ശാഖയുടേത്.

കോഴ്‌സ് നടക്കുന്ന സ്ഥാപനങ്ങള്‍

1. ഭാരതിദാസന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി
2. ധര്‍മ്മരാജ് ഡിട്രി ഫാര്‍മസി കോളജ് ആനന്ദ്

പവര്‍ ഇലക്‌ട്രോണിക്‌സ്

പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വൈദ്യുതിയുടെ സാദ്ധ്യതകളാണ് പവര്‍ ഇലക്‌ട്രോണിക്‌സില്‍ പഠനവിധേയമാക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന പഠനശാഖയും തൊഴില്‍ സാദ്ധ്യത ഏറെയുള്ള എന്‍ജിനീയറിംഗ് മേഖലയുമാണിത്.

കോഴ്‌സുകള്‍ നടക്കുന്ന സ്ഥാപനങ്ങള്‍

1. ഗുരു ജാസേശ്വര്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, ഹരിയാന
2. അണ്ണാ യൂണിവേഴ്‌സിറ്റി, ചെന്നൈ

റോബോട്ടിക്‌സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്‍ജിനീയറിംഗ്

മനുഷ്യന്റെ സൃഷ്ടികളില്‍ പ്രധാനപ്പെട്ട ഒന്നാണ് റോബോട്ടുകള്‍. മനുഷ്യന് കടന്നു ചെല്ലാന്‍ പറ്റാത്ത മേഖലകളില്‍ ജോലി ചെയ്യുന്നതിനും മാനുഷിക പ്രയത്‌നം കുറയ്ക്കുന്നതിനുമൊക്കെ റോബോട്ടുകളെ ഉപയോഗിക്കുന്നു. ഇവയ്ക്ക് കൃത്രിമ ബുദ്ധിയും ചിന്താശേഷിയും നല്‍കാനാണ് ഗവേഷകരുടെ ശ്രമം. റോബോട്ടുകളുടെ നിര്‍മ്മാണം, ഉപയോഗം അവയുടെ നിയന്ത്രണം, സോഫ്റ്റ്‌വെയര്‍ ഗവേഷണം തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ പാഠ്യവിഷയങ്ങള്‍.

ഈ വിഷയത്തില്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ നടക്കുന്ന സ്ഥാപനങ്ങള്‍

1. എന്‍.ഐ.റ്റി. കാണ്‍പൂര്‍
2. എന്‍.ഐ.റ്റി. ഹൈദ്രാബാദ്
3. ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ലേണിംഗ്
4. ബി.ഐ.ടി.എസ്. പിലാനി
5. പി.എസ്.ജി. കോളജ് ഓഫ് ടെക്‌നോളജി കോയമ്പത്തൂര്‍
മേല്‍പ്പറഞ്ഞ കോഴ്‌സുകളിലുള്ള അഭിരുചിയാണ്. താല്‍പ്പര്യമാണ്. ഈ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ മാനദണ്ഡമാക്കേണ്ടത്. ഫയര്‍ എന്‍ജിനീയറിംഗ്, ലെതര്‍ ടെക്‌നോളജി, പോളിമര്‍ സയന്‍സ് ആന്റ് റബര്‍ ടെക്‌നോളജി, ഫുഡ് പ്രോസസിംഗ് ആന്റ് പ്രിസര്‍വേഷന്‍ ടെക്‌നോളജി, ജനറ്റിക്‌സ്, ജിയോളജി, ഫോട്ടോണിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ എന്‍ജിനീയറിംഗ് പഠനം, വ്യത്യസ്തത പുലര്‍ത്തുന്നതും തൊഴില്‍ സാദ്ധ്യതയുള്ളതുമാണ്. (പരമ്പരാഗത എന്‍ജിനീയറിംഗ് കോഴ്‌സുകളെക്കുറിച്ച് ഇവിടെ അപഗ്രഥനം നടത്തിയിട്ടില്ല).

  Courtesy to Mangalam Daily

No comments:

Post a Comment