പി.എസ്.സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രാബല്യത്തില്‍


തിരുവനന്തപുരം:പി.എസ്.സിയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള ഒറ്റത്തവണ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. ബുധനാഴ്ച കമീഷന്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതയും പി.എസ്.സിയില്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. വിദേശത്തുള്ള മലയാളികള്‍ക്കും ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാം. അവര്‍ വെരിഫിക്കേഷനായി പിന്നീട് പി.എസ്.സിയുടെ ഏതെങ്കിലും ഓഫിസില്‍ ഹാജരായി രേഖകള്‍ പരിശോധിച്ച് സാക്ഷ്യപത്രം നേടിയാല്‍ മതിയെന്ന് ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിജ്ഞാപനം പുറത്തിറക്കിയാല്‍ ഒരുവര്‍ഷത്തിനകം റാങ്ക്ലിസ്റ്റുകള്‍ പുറത്തിറക്കുന്നത് ലക്ഷ്യമിട്ടാണ് ഒറ്റത്തവണ രജിസ്ട്രേഷന്‍ തുടങ്ങിയത്. ഇത് നേരത്തെ ആരംഭിച്ചുവെങ്കിലും നിര്‍ബന്ധമാക്കുന്നത് ഇപ്പോഴാണ്.
രജിസ്റ്റര്‍ ചെയ്യുന്നതോടെ ഉദ്യോഗാര്‍ഥികള്‍ അവരുടെ യോഗ്യതക്കനുസരിച്ച എല്ലാ വിജ്ഞാപനങ്ങള്‍ക്കുമുള്ള സ്ഥിരം അപേക്ഷകനായി മാറും. അവരുടെ രേഖകള്‍ ആവര്‍ത്തിച്ച് പരിശോധിക്കുന്നതും ഒഴിവാക്കും. രജിസ്റ്റര്‍ ചെയ്യുന്നവരുടെ രേഖകള്‍ പരിശോധിച്ച് സാക്ഷ്യപത്രം നല്‍കും. ആറുമാസത്തിലൊരിക്കല്‍ ആവശ്യമെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ ഫോട്ടോ നല്‍കാം. അധിക യോഗ്യത നേടുമ്പോള്‍ അതും രജിസ്റ്റര്‍ ചെയ്യാം.
www.keralapsc.org