കേരളം കൂടോത്രക്കളത്തില്‍ !!

വിദ്യാഭ്യാസ, സാമൂഹിക നിലവാരങ്ങള്‍ വര്‍ധിച്ചെങ്കിലും മലയാളിയുടെ ഭ്രമങ്ങള്‍ അപഥസഞ്ചാരത്തിലാണ്. അതില്‍ ഒടുവിലത്തേതാണ് നേരത്തേ വിവരിച്ച പൂര്‍വജന്മ അപഗ്രഥന ചികിത്സ അഥവാ, 'പാസ്റ്റ്‌ലൈഫ് റിഗ്രഷന്‍ തെറാപ്പി.' തിരുവനന്തപുരത്ത് ഈ ചികിത്സ നടത്തുന്ന ദമ്പതിമാര്‍ക്ക് തിരക്കോട് തിരക്കാണ്. മണിക്കൂറിന് 2000 രൂപയാണ് കുറഞ്ഞ ഫീസ്. വര്‍ത്തമാനകാലത്തിലെ ജീവിതാസ്വാസ്ഥ്യങ്ങള്‍ക്ക് കാരണം അശാന്തമായ പൂര്‍വജന്മമാണെന്ന് തോന്നലുണ്ടായവര്‍ റിഗ്രഷന്‍ തെറാപ്പിസ്റ്റുകളെ അഭയം തേടുന്നു. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ, അല്പജ്ഞാനം നേടിയ തെറാപ്പിസ്റ്റുകള്‍ പ്രതിദിനം നേടുന്നത്

ഐ . ടി. മേഖലയിലെ ഉന്നത ജോലി രാജിവെച്ച് ഓണ്‍ലൈന്‍ മന്ത്രവാദം നടത്തുന്നയാള്‍, ആകസ്മികമായി നേടിയ രുദ്രാക്ഷത്തിലൂടെ ദൈവമായി മാറിയ വ്യാജ സിദ്ധന്‍, ചുവരില്‍ മുട്ടയെറിഞ്ഞ് ഭാവി പറയുന്ന മന്ത്രവാദി..... നാടിന്റെ മുക്കിലും മൂലയിലും തഴച്ചുവളരുന്ന ഇത്തരം കൂടോത്രക്കാര്‍ മലയാളിയുടെ നിത്യജീവിത പ്രശ്‌നങ്ങള്‍ക്ക് ആശ്വാസവുമായെത്തുകയാണ്. വായില്‍ തുണിതിരുകി കറന്റടിപ്പിച്ച് ആത്മഹത്യ ചെയ്ത പതിനേഴുകാരനും ആണ്‍കുഞ്ഞിനെ ലഭിക്കാന്‍ മകളെ ബലികൊടുത്ത യുവതിയും മന്ത്രവാദിയുടെ ചികിത്സയില്‍ രണ്ട് മക്കളെ നഷ്ടപ്പെട്ട അമ്പതുകാരിയുമെല്ലാം കേരളം എത്തിനില്‍ക്കുന്ന കൂടോത്രക്കെണിയുടെ അവസാനത്തെ ഇരകളാണ്. ആഭിചാരം, സാത്താന്‍ ആരാധന, സര്‍പ്പചികിത്സ, കൈവിഷം....

മലയാളിയുടെ സാമൂഹിക ജീവിതത്തില്‍ അനാചാരങ്ങള്‍ക്ക് ഇടം വര്‍ധിക്കുകയാണ്. ക്ഷേമരാഷ്ട്രങ്ങള്‍ക്കൊപ്പം ജീവിതനിലവാരം നേടിയെന്ന് അഹങ്കരിക്കുന്ന, അഭ്യസ്തവിദ്യനായ മലയാളിയെ അപഹരിക്കുന്ന കൂടോത്രങ്ങളും അനാചാരങ്ങളും ദുര്‍മന്ത്രവാദങ്ങളും എങ്ങനെ നമ്മുടെ നാടിന്റെ ശീലമായി മാറി?

വല തേടി അലയുന്ന ഇരകള്‍

ആഭിചാരങ്ങളുടെയും ദോഷപരിഹാരപൂജകളുടെയും വലയിലേക്ക് എങ്ങനെയാണ് ഇരകളെ വീഴ്ത്തുന്നത്?'പ്രവചനങ്ങള്‍'ക്കും 'പ്രതിവിധികള്‍'ക്കും പിന്നിലെ തന്ത്രങ്ങള്‍ എന്താണ്? ഒരു നേര്‍സാക്ഷ്യം


തൃശ്ശൂരില്‍നിന്ന് മാള, പൊയ്യ വഴി പുത്തന്‍വേലിക്കരയിലെത്തിയപ്പോള്‍ എറണാകുളം ജില്ലയായി. തനി നാട്ടിന്‍പുറം. അഞ്ചാറു വര്‍ഷത്തിനിടയില്‍ ഇവിടെ പൊട്ടിമുളച്ച പ്രശ്‌നപരിഹാര കേന്ദ്രങ്ങള്‍ അനേകമാണ്. പലതിനും 'ക്ഷേത്രം' എന്ന പേര് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പാരമ്പര്യവിധിപ്രകാരമുള്ള, അംഗീകരിക്കപ്പെട്ട, ജ്യോതിഷികളെക്കൂടി ദോഷകരമായി ബാധിക്കുന്ന വിധമാണ് പുതിയ 'ക്ഷേത്ര'ങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരമൊരു കേന്ദ്രംനടത്തിപ്പുകാരനെ അന്വേഷിച്ച് ചില കടകളില്‍ കയറി. വഴിയാത്രക്കാരോട് തിരക്കി. അത്യാവശ്യക്കാരാണെന്ന പേരിലായിരുന്നു അന്വേഷണം. 10 മിനിറ്റ് കഴിയുമ്പോഴേക്കും ഒരു ചെറുപ്പക്കാരന്‍ അടുത്തെത്തി. എവിടന്നാണെന്നും എന്താണാവശ്യമെന്നും അന്വേഷിച്ചു. ആള്‍ യഥാര്‍ഥ ഏജന്റുതന്നെ. കൃത്യമായി വഴിയും അടയാളങ്ങളും പറഞ്ഞുതന്നു.

'മാതൃഭൂമി'ക്കുവേണ്ടി കൂടെ വന്നത് കെ.ജി. പ്രാണ്‍സിങ് എന്ന വില്ലേജ് ഓഫീസറാണ്. സംഘടനാ ഭാരവാഹിയും അറിയപ്പെടുന്ന ക്വിസ്മാസ്റ്ററുമാണ് പ്രാണ്‍സിങ്. തത്കാലത്തേക്ക് ഇദ്ദേഹം 'ബിജു' ആയി. സ്ഥലവും വിലാസവും മാറി. മൊബൈല്‍ ഫോണ്‍ കട നടത്തിയിരുന്നയാളായി.

ദോഷപരിഹാരകേന്ദ്രത്തിലെ പ്രധാനി അടുത്തെത്തി. കാവിമുണ്ട്, രുദ്രാക്ഷമാല. ഒപ്പമുള്ളവര്‍ പേരു മാത്രമാണ് വിളിക്കുന്നത്. 'സ്വാമി' ആയിവരുന്നതേയുള്ളൂ. തത്കാലം അദ്ദേഹത്തെ ഗോപി എന്നു വിളിക്കാം. അദ്ദേഹത്തോട് ആവശ്യം പറഞ്ഞു. ഭാര്യയുടെ സഹോദരനാണ് കൂടെയുള്ളത്. കുറച്ചുനാളായി സംസാരം വളരെക്കുറവ്. ഒന്നിലും താത്പര്യമില്ല. ജോലിക്ക് പോകുന്നില്ല. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല. ദോഷം കണ്ടെത്തി പരിഹാരം കാണണം.

ഗോപി: ക്ഷേത്രത്തിലെ ചടങ്ങുകള്‍ തീര്‍ന്നു. കുറച്ചു നേരത്തേ വരേണ്ടതായിരുന്നു. എങ്കില്‍ പറ ചൊരിഞ്ഞ് കാര്യം പറയുമായിരുന്നു.
ലേഖകന്‍: കുറച്ചു ദൂരത്തുനിന്നായതിനാല്‍ ഇപ്പോള്‍ത്തന്നെ എന്തെങ്കിലും ചെയ്താല്‍ നന്നായി. ഇവിടത്തെ സമയക്രമമൊന്നും അറിയാമായിരുന്നില്ല.
ഗോപി: (പൂജാസ്ഥലത്തു പോയി തിരിച്ചു വന്നിട്ട്) നിങ്ങളുടെ ഭാഗ്യം. കോവിലില്‍നിന്ന് മാലയും പൂക്കളും മാറ്റിയിട്ടില്ല. ഷര്‍ട്ടും ചെരിപ്പും പുറത്തുവെച്ച് വരൂ. കോണ്‍ക്രീറ്റില്‍ പണിത ചെറിയ അറയാണ് കോവില്‍. കുട്ടിച്ചാത്തനും കാളിയും ഉണ്ട്. കുറച്ച് പൂക്കള്‍ കൈയില്‍ തന്നിട്ട്, തൊഴുതുനില്‍ക്കാന്‍ പറഞ്ഞു. പിന്നെ തീര്‍ത്ഥം തന്നു. പാല്‍ എന്നാണ് പറഞ്ഞത്. രുചിച്ചപ്പോള്‍ നാവില്‍ ചവര്‍പ്പും തരിപ്പും. പാല്‍ കേടായതാവാം. അല്ലെങ്കില്‍ ഭസ്മം കലക്കിയിട്ടുണ്ടാവും.

പിന്നെ, ഗോപിയും ബിജുവും തമ്മിലായി സംഭാഷണം. ബിജു എന്ന പ്രാണ്‍സിങ് കടുത്ത വിഷാദരോഗിയെപ്പോലെയാണ് മറുപടി പറഞ്ഞത്. ദൃഷ്ടികള്‍ നേരെ നില്‍ക്കാതെയും കഴുത്ത് ചെരിച്ചും അവ്യക്തമായി സംസാരിക്കാന്‍ തലേന്നുതന്നെ നന്നായി പരിശീലിച്ചിട്ടുണ്ട് പ്രാണ്‍സിങ്. ഇടയ്ക്കു കയറി സംസാരിച്ച ലേഖകനെ സഹായികള്‍ തടഞ്ഞു. സംഭാഷണം തീര്‍ന്നപ്പോള്‍ കോവിലില്‍ നോക്കി ബിജുവിന്റെ പേരും നാളും പറഞ്ഞ് മന്ത്രം ചൊല്ലി. തുടര്‍ന്ന് വെളിപാടുകള്‍: കടുത്ത സ്തംഭനമുണ്ട് ഇദ്ദേഹത്തിന്. ശത്രുദോഷം കാരണമുണ്ടായ തടസ്സമാണ്. കട തുടങ്ങിയപ്പോള്‍ത്തന്നെ ദോഷം തുടങ്ങി. അതുകൊണ്ടാണ് അത് തകര്‍ന്നത്. ഇപ്പോള്‍ ഒന്നിനും താത്പര്യമില്ല (അതുതന്നെയല്ലേ ഞങ്ങള്‍ അങ്ങോട്ടു പറഞ്ഞത്?)

ഗോപി: ഭാര്യയും മക്കളും വീട്ടിലുണ്ടോ?
ബിജു: ഉവ്വ്...

ഇതുതന്നെ ലേഖകനോടും ചോദിച്ച് ഉറപ്പുവരുത്തി. എന്നിട്ടും തൃപ്തിയാവാത്തപോലെ. അവര്‍ പിണങ്ങിപ്പോയെന്ന് വിശ്വസിക്കാനാണ് അദ്ദേഹത്തിനിഷ്ടമെന്ന് തോന്നുന്നു.

ഇതിനിടയില്‍ വെള്ളികെട്ടിയ നീണ്ട ഒരു രുദ്രാക്ഷമാല ഗോപി കൈയിലെടുത്തപ്പോള്‍ ബിജു ഞെട്ടലോടെ ഒളിഞ്ഞുനോക്കി. ഒരു അടിയുടെ സാധ്യതയുണ്ടോ എന്നായിരുന്നു പേടി. പക്ഷേ, എന്തോ ആശയക്കുഴപ്പം പോലെ ഗോപി അതുപേക്ഷിച്ചു. പകരം ഒരു പൊതി ഭസ്മം തന്നു. പിന്നെയാണ് സംഭവങ്ങളുടെ 'ട്വിസ്റ്റ് '.

കൊടുങ്ങല്ലൂരിലുള്ള ഒരു ആചാരിയുടെ വീട്ടിലേക്കുള്ള വഴി എഴുതിത്തന്നു. അവിടെച്ചെന്ന് ചാര്‍ത്തെടുക്കണം. എന്താണ് ചാര്‍ത്ത്? 'ദോഷ'മെന്താണെന്ന് വിസ്തരിച്ചു പറഞ്ഞ് പരിഹാരക്രിയകള്‍ നിശ്ചയിക്കുന്ന വിധിയാണത്. ഇതൊരു റഫറല്‍ സമ്പ്രദായമാണ്. ചാര്‍ത്ത് തരുന്നയാള്‍ നല്ലൊരു തുക വാങ്ങിക്കും. കൂടാതെ ഇതേ 'ക്ഷേത്ര'ത്തില്‍ വന്ന് പൂജയും മറ്റ് പരിഹാരക്രിയകളും നടത്താനും നിര്‍ദേശിക്കും. രണ്ടിടത്തുമായി ചുരുങ്ങിയത് അയ്യായിരം രൂപ ചെലവാകും. ബാക്കിയെല്ലാം ഇരയുടെ യോഗംപോലെ (ധനസ്ഥിതിപോലെ)'ചാര്‍ത്തെടുക്കുന്നിടത്ത് ഭയങ്കര തിരക്കായിരിക്കും. സാരമില്ല. ഇവിടന്നാണെന്നു പറഞ്ഞാല്‍ മതി. ഞാന്‍ അവിടെ വിളിച്ചുപറയുകയും ചെയ്യാം. വഴി സംശയമുണ്ടെങ്കില്‍ എന്നെ വിളിച്ചോളൂ. ഗോപി മൊബൈല്‍ നമ്പര്‍ തന്നു. നാളെത്തന്നെ പോകണമെന്നും നിര്‍ബന്ധം. ഒപ്പം ഒരു സ്വയം വിശദീകരണം - 'ഇവിടെ എല്ലാ ജാതിമതസ്ഥരും വരുന്നുണ്ട്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകളെത്തുന്നുണ്ട്. ഞങ്ങളുടെ സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എട്ടു കൊല്ലം മുമ്പ് തുടങ്ങിയതാണ്'. അവിടെ 100 രൂപ 'ദക്ഷിണ' കൊടുത്ത് ഇറങ്ങി. തിരിച്ചുപോരുമ്പോള്‍ ഭസ്മപ്പൊതി കരുവന്നൂര്‍ പുഴയിലുപേക്ഷിച്ചു. അതിലെ മീനുകളോടും പാമ്പുകളോടും മാപ്പ്.

ഇതേ ഗ്രാമത്തിനടുത്തുതന്നെയുള്ള മന്ത്രവാദി, കുറേക്കൂടി കടുപ്പക്കാരനാണ്. മദ്യത്തിന്റെ ലഹരിയുണ്ടെങ്കിലേ മന്ത്രം വരികയുള്ളൂ. അദ്ദേഹത്തെ കാണാനായിരുന്നു അടുത്ത ദിവസത്തെ യാത്ര.


ബാധയൊഴിയാന്‍ ഇടി; ദൈവത്തെ കാണാന്‍ വിളക്കും കടലാസ്സും

പുത്തന്‍വേലിക്കര കവലയില്‍നിന്ന് നടന്നുപോകുമ്പോള്‍ നേരത്തെ കിട്ടിയ അടയാളങ്ങള്‍ മാത്രമായിരുന്നു കൂട്ട്. ആരോടും വഴിയന്വേഷിച്ചില്ല. എങ്കിലും ശരിയായ സ്ഥലത്തെത്തി. ബാധയൊഴിപ്പിക്കലാണ് ഇദ്ദേഹത്തിന്റെ പ്രത്യേകയിനം എന്നതുകൊണ്ട് അതിന് യോജിച്ച ലക്ഷണങ്ങളാണ് 'ബിജു'വിനെക്കുറിച്ചു പറഞ്ഞത്. ഇവിടെ 'ക്ഷേത്ര'മൊന്നും ഇല്ല, വീടുതന്നെ കേന്ദ്രം. അദ്ദേഹത്തിനു മുന്നില്‍ ഞങ്ങള്‍ ചമ്രംപടിഞ്ഞ് ഇരുന്നു. മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ട്.

* എന്താണ് വിഷമം?

തനിച്ചിരുന്ന് സംസാരിക്കുന്നു. ഉറക്കത്തില്‍ എഴുന്നേറ്റ് പോകാറുണ്ട്. ചിലപ്പോള്‍ മരിച്ചുപോയവരുടെ മട്ടും മാതിരിയുമായി സംസാരിക്കും.

മന്ത്രവാദി കുറച്ചുനേരം കണ്ണടച്ചിരുന്നു. ധ്യാനിക്കുകയാണോ ലഹരിയുടെ കടുപ്പത്തില്‍ ഉറങ്ങുകയാണോ എന്ന് സംശയമായി.

* ''ബന്ധിക്കണം. തടസ്സങ്ങളുണ്ട്. ഒറ്റയടിക്ക് ഒഴിഞ്ഞുപോകില്ല. ശക്തി കൂടിയ ഇനമാണ്.''

ഇത്രയും പറഞ്ഞ് നീണ്ട രണ്ട് ചരടുകളെടുത്ത് കൂട്ടിക്കെട്ടാന്‍ ബിജുവിനെ ഏല്‍പ്പിച്ചു. നേരത്തെ തീരുമാനിച്ചപ്രകാരം കുറേ സമയമെടുത്ത് പ്രയാസപ്പെട്ടാണ് ബിജു ചരട് കെട്ടിയത്.

* ''കെട്ടാന്‍ വിഷമം കാണും. ഒഴിയാന്‍ വിഷമമുള്ള ജാതിയാണ്.''

ചരട് വാങ്ങി എന്തൊക്കെയോ മന്ത്രം ചൊല്ലി മുറിയില്‍ ചകിരിയില്‍ തീ കൂട്ടി അതിലിട്ട് കത്തിച്ചു. ആവേശിച്ചത് കുറേയെല്ലാം ഒഴിഞ്ഞുപോയി എന്നാണ് സങ്കല്പം.

* ''ഇനി കലശം വയ്ക്കാന്‍ വരണം. അതിനുള്ള തിയ്യതി പറയാം.''

തത്കാലം 'ദക്ഷിണ' കൊടുത്ത് ഇറങ്ങി. കലശത്തിനും തുടര്‍ന്നുള്ള പൂജകള്‍ക്കും വലിയ തുകതന്നെ വേണം. ആളും തരവും നോക്കി ക്രിയകളും ഉച്ചാടനങ്ങളുമെല്ലാം തുടരും. അതിലൊന്ന് കോഴിയെ കൊന്ന് ചോര വീഴ്ത്തലാണ്. ബാധയൊഴിപ്പിക്കാന്‍ പുറത്ത് ചൂരലടിയാണ്. സിനിമയില്‍ കണ്ടുപരിചയമുണ്ടെങ്കിലും ഇവിടെ അല്പം വ്യത്യാസമുണ്ട്. കുനിച്ചുനിര്‍ത്തി പുറത്ത് ഇടിയാണ് ചികിത്സ. ഒരുതരം മൂന്നാംമുറ തന്നെ.

അത്തരമൊരു ചികിത്സയനുഭവിച്ച ഒരു പെണ്‍കുട്ടിയുടെ സഹോദരനെ കണ്ടു. മന്ത്രവാദത്തിലെ മൂന്നാംമുറകള്‍ സഹിക്കാതെ സഹോദരിയെയും കൊണ്ട് രക്ഷപ്പെട്ടതാണ് യുവാവ്. മന്ത്രവാദി തങ്ങള്‍ക്ക് ദൈവത്തെ കാണിച്ചുതന്നവിധം യുവാവ് പറഞ്ഞത് ഇങ്ങനെ: എണ്ണ പുരട്ടിയ കടലാസ് നിവര്‍ത്തിപ്പിടിച്ച് പിന്നില്‍ വിളക്ക് കത്തിച്ചുവെക്കും. അതിലേക്ക് നോക്കിയാല്‍ കൃഷ്ണനെ കാണാമെന്നാണ് പറയുക.

* ''എന്നിട്ട് ദൈവത്തെ കണ്ടോ?''

= എന്തോ ഒരു രൂപം തെളിഞ്ഞു.

കടലാസില്‍ മാത്രമല്ല, വെറ്റിലയിലും കൃഷ്ണനെ കാണിച്ചുകൊടുക്കാറുണ്ട് ഈ മന്ത്രവാദി.

തുപ്പലുപ്പാപ്പയും മുട്ടത്തങ്ങളും

മലപ്പുറത്തെ നാട്ടിന്‍പുറങ്ങളില്‍ സിദ്ധന്മാര്‍ക്ക് ചാകരയാണ്. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്കുള്ളതിനേക്കാള്‍ ക്യൂ ഇവരുടെ കേന്ദ്രങ്ങളില്‍ കാണാം. പല രൂപങ്ങളില്‍, ഭാവങ്ങളില്‍ സിദ്ധന്മാര്‍ സുലഭം. ഇക്കൂട്ടത്തില്‍പ്പെട്ടവരാണ് തുപ്പലുപ്പാപ്പയും മുട്ടത്തങ്ങളുമെല്ലാം. എടപ്പാള്‍ കാഞ്ഞിരമുക്കിലെ പ്രസിദ്ധനായ സിദ്ധനായിരുന്നു തുപ്പലുപ്പാപ്പ. ഏത് രോഗത്തിനും മാനസിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം. കിണറ്റില്‍നിന്ന് വെള്ളം കോരി പാത്രത്തിലാക്കി അതില്‍ ജപിച്ച് തുപ്പും. അത് ഭക്തര്‍ കുടിച്ചാല്‍ സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് വാഗ്ദാനം. ഉപ്പാപ്പയുടെ അത്ഭുത പ്രകടനങ്ങള്‍ സമുദായത്തിനുതന്നെ ചീത്തപ്പേരുണ്ടാക്കിത്തുടങ്ങിയപ്പോള്‍ എട്ടുവര്‍ഷം മുമ്പ് ആരോ അയാളെ തല്ലിക്കൊന്നു.

എന്നാല്‍ മുട്ടത്തങ്ങള്‍ ഇപ്പോഴും തിരക്കിലാണ്. എടപ്പാളാണ് പ്രധാനകേന്ദ്രം. ഭക്തരുടെ പ്രശ്‌നങ്ങളെല്ലാം കേട്ടാല്‍ ഒരു കോഴിമുട്ടയെടുത്ത് തൊട്ടടുത്ത ചുമരിലേക്ക് എറിയും. പ്രത്യേക രാസവസ്തുക്കള്‍ തേച്ച ചുമരിലൂടെ മുട്ട പൊട്ടിയൊലിക്കുമ്പോള്‍ നല്ല ചുവപ്പുനിറമുണ്ടാവും. അതോടെ 'നിങ്ങള്‍ വലിയ കുഴപ്പത്തിലാണ് പരിഹാരങ്ങള്‍ കുറേ ചെയ്യേണ്ടിവരു'മെന്നെല്ലാം പറഞ്ഞ് ഭയപ്പെടുത്തി പണവും വാങ്ങും. മല്ലിപ്പൊടിയുടെയും മുളകുപൊടിയുടെയും കച്ചവടത്തിന് എടപ്പാളിലെത്തിയ നാല്‍പ്പത് വയസ്സിനുതാഴെ മാത്രമുള്ള തങ്ങള്‍ ഇന്ന് കോടീശ്വരനായിക്കഴിഞ്ഞു. ടോക്കണ്‍ എടുത്തുവേണം കാണാന്‍. സംസാരിച്ച് ആരെയും കുപ്പിയിലാക്കുന്ന തങ്ങളെ കാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഭക്തരെത്തുന്നു.

അറബിമാന്ത്രികവും ഏലസ്സും

ഏലസ്സുകൊണ്ട് ഐശ്വര്യം വരും എന്ന വാദം സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം വണ്ടൂരിലെ ഒരു മുസ്‌ല്യാര്‍. പക്ഷേ, ഐശ്വര്യം വന്നത് ഏലസ് ധരിച്ച നാട്ടുകാര്‍ക്കല്ല, അത് വിറ്റ മുസ്‌ല്യാര്‍ക്കാണെന്ന് മാത്രം. വയനാട്ടില്‍നിന്ന് വണ്ടൂരിലെത്തിയ മുസ്‌ല്യാര്‍ അറബിമാന്ത്രികവും ഏലസ്സും കൊണ്ട് ഇന്ന് കോടീശ്വരനാണ്. അതോടെ ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു.

'ഹിക്കുലുശിഹാം' എന്നാണ് ഏലസ്സിന്റെ പേര്. ഒന്നിന് അയ്യായിരം രൂപയിലധികം വരും. സര്‍വാഭീഷ്ടദായിനിയാണത്രെ. ആവശ്യക്കാര്‍ക്ക് തപാലിലും ലഭിക്കും. നേരിട്ട് കാണണമെങ്കില്‍ ടോക്കണ്‍ എടുക്കണം. പത്രങ്ങളിലും ചാനലുകളിലും നിരന്തരം പരസ്യം വന്നുകൊണ്ടിരിക്കുന്നുണ്ട്. ടൗണില്‍ ഒരു മുറിയും സൗകര്യങ്ങളുമുണ്ടായിരുന്ന മുസ്‌ല്യാര്‍ക്ക് ഒരുവിഭാഗം ആളുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റേണ്ടിവന്നു.

നിങ്ങള്‍ക്കും 'ദിവ്യ'നാവാം; 'ജട'യ്ക്ക് വെറും 150 രൂപ

ഒറ്റ ദിവസംകൊണ്ട് നമ്മുടെ നാട്ടില്‍ ആര്‍ക്കും ദിവ്യനാവാം. ദിവ്യനെന്നാല്‍ എല്ലാമറിയുന്നവന്‍; എല്ലാത്തിനും പരിഹാരം കാണുന്നവന്‍. പതിറ്റാണ്ടുകള്‍ തപസ്സിരുന്ന്, പുരാതന താളിയോലകള്‍ വായിച്ചുപഠിച്ച് കിട്ടിയ ദിവ്യത്വമൊന്നുമല്ല. എല്ലാം വസ്ത്രാലങ്കാരത്തിന്റെ മിടുക്ക്. ഒരു ദിവ്യനെ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഘട്ടങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.

1. അടിസ്ഥാന യോഗ്യത: ജ്യോതിഷം, മഷിനോട്ടം, ഹസ്തരേഖാ'ശാസ്ത്രം' തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നില്‍ എന്തെങ്കിലുമൊക്കെ അറിഞ്ഞിരിക്കുക. ചില ശ്ലോകങ്ങള്‍ കാണാപ്പാഠം പഠിച്ചിരിക്കണം. നല്ല വാഗ്ചാതുരിയാണ് മറ്റൊരു വിശേഷമായി വേണ്ടത്. ആകര്‍ഷകമായി സംസാരിച്ച് ഇരകളെ വിട്ടുപോകാതിരിക്കാന്‍ പ്രേരിപ്പിക്കണം. 'ഫീസ്' ചോദിക്കാതെ 'ദക്ഷിണ' വാങ്ങാന്‍ കഴിയണം.

2. വസ്ത്രാലങ്കാരം: സാഹചര്യത്തിനനുസരിച്ച് ഇതില്‍ വ്യത്യാസം വരും. ചിലയിടത്ത് ചുവന്ന പട്ട്, ചന്ദനക്കുറി, ജട, നീണ്ടതാടി എന്നിങ്ങനെ. മറ്റു ചിലര്‍ക്ക് ശുഭ്രവസ്ത്രം, ഭസ്മക്കുറി, മുണ്ഡനം ചെയ്ത തല, ക്ലീന്‍ ഷേവ്. മുറുക്കിച്ചുവപ്പിച്ചും കണ്ണില്‍ മഷിയെഴുതിയും പരിവേഷം വര്‍ധിപ്പിക്കുന്നവരുണ്ട്. വേഷത്തിന്റെ പ്രാധാന്യമറിയണമെങ്കില്‍ സന്തോഷ് മാധവന്‍ പിടിയിലാകുന്നതിന് മുമ്പും പിമ്പും ഉള്ള ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.ജടയുള്ള ദിവ്യന്മാര്‍ക്ക് ഡിമാന്‍ഡ് കൂടും. ഇതുണ്ടാക്കാന്‍ വര്‍ഷങ്ങളോളം കുളിക്കാതെ, മുടി വെട്ടാതെ കഴിയണമെന്നില്ല. നാലു ദിവസം തല നനയ്ക്കാതെ ബോംബെ വരെ ചെന്നാല്‍ മതി. 150 രൂപ കൊടുത്താല്‍ ഒരു മണിക്കൂര്‍കൊണ്ട് ജട ഫിക്‌സ് ചെയ്തുതരുന്ന കേന്ദ്രങ്ങളുണ്ട്. 'ജട ഫിക്‌സിങ്' ലളിതമാണെന്നര്‍ഥം.

3. ഏജന്റ് അഥവാ ഡീലര്‍: മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഉണ്ടെങ്കിലും ശരിയായ മാര്‍ക്കറ്റിങ് ഇല്ലെങ്കില്‍ മേല്‍ഗതി ഉണ്ടാവില്ല. ഇവിടെയാണ് ഡീലറുടെ ആവശ്യം. ചില ആരാധനാലയങ്ങളോടു ചേര്‍ന്നാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനം.തൃശ്ശൂരിലെ ഒരു ജ്യോതിഷിയുടെ അടുത്തേക്ക് തൃപ്രയാറില്‍നിന്നുള്ള നാലഞ്ചാളുകള്‍ വന്നത് ഈയിടെയാണ്. അവിടെയുള്ള ഒരു ഇടത്തരം ക്ഷേത്രത്തിന്റെ ആളുകളാണ്. അവരുടെ 'സ്വാമി'യാവാനായിരുന്നു ക്ഷണം. ഇപ്പോള്‍ ധാരാളം തമിഴ്‌നാട്ടുകാര്‍ ഇവിടേക്ക് വരുന്നുണ്ട്. അവര്‍ക്കുവേണ്ടിയാണ് പുതിയ നീക്കം. വഴിപാടുകളായി കിട്ടുന്ന പണത്തെക്കാള്‍ പതിന്മടങ്ങായിരിക്കും 'സ്വാമി'യുണ്ടെങ്കില്‍ കിട്ടുക എന്നതാണ് ഇതിന്റെ സാമ്പത്തിക രഹസ്യം.

ദിവ്യന്മാര്‍ക്കും സ്വാമിമാര്‍ക്കും ഡിമാന്‍ഡ് കൂടുമ്പോള്‍ അവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നത് സ്വാഭാവികം.

നിനച്ചിരിക്കാത്ത സന്ദര്‍ഭങ്ങളിലാണ് ചില സ്വാമിമാരുടെ ജനനവും അവതാരവും. കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ ആധ്യാത്മിക ലോകത്തെത്തപ്പെട്ട വഴി നോക്കുക. ആള്‍ ഗള്‍ഫില്‍നിന്നുവന്ന് വധുവിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. തിരിച്ച് വീട്ടിലേയ്ക്ക് വരുന്ന വഴി ബസ്സില്‍ വലിയ തിരക്ക്. കണ്ടക്ടര്‍ ഒരു കാവിയുടുത്ത ആളുമായി തര്‍ക്കിക്കുകയാണ്. സ്വാമി ടിക്കറ്റെടുത്തില്ലെന്ന് കണ്ടക്ടര്‍. എടുത്തെന്ന് സ്വാമി. ആളുടെ കയ്യില്‍ ഒരു രുദ്രാക്ഷമാലയുമുണ്ട്. രംഗം വീക്ഷിച്ച നമ്മുടെ ഗള്‍ഫുകാരന്‍ പ്രശ്‌നത്തിലിടപെട്ടു. സ്വാമിയുടെ ടിക്കറ്റ് അയാള്‍ നല്‍കി. സ്വാമി കയ്യിലിരിക്കുന്ന മാല തത്കാലം പിടിക്കാന്‍ ഇയാളെ ഏല്‍പ്പിക്കുകയും ചെയ്തു. ബസ്സ് കുറേ ദൂരം യാത്ര ചെയ്തശേഷം തിരക്കില്‍ കാവിയുടുത്തയാള്‍ എവിടെയോ ഇറങ്ങി. കുറച്ച് സമയത്തിനുശേഷമാണ് ഗള്‍ഫുകാരന്‍ ഇതറിയുന്നത്. രുദ്രക്ഷമാല തിരിച്ചുകൊടുക്കാനായി ഗള്‍ഫുകാരന്‍ ബസ്സിറങ്ങി സ്വാമിയെ അന്വേഷിച്ചു. പക്ഷേ, അയാളെ എങ്ങും കണ്ടില്ല. രുദ്രാക്ഷമാലയുമായി വീട്ടിലെ മുറിയില്‍ കയറി ഏറെ നേരം വാതിലടച്ചു ധ്യാനത്തിലായി. പിന്നെ പ്രവചനമായി, ചില ദൃഷ്ടാന്തങ്ങള്‍ പറയുകയായി. പോകെപ്പോകെ ഗള്‍ഫുകാരന്‍ നാട്ടിലെ അറിയപ്പെടുന്ന സ്വാമിയായി. ഇപ്പോള്‍ നിരവധി ഭക്തരായി, ട്രസ്റ്റായി, ആശ്രമമായി...