സ്‌നേഹസമ്പന്നനായ യുവപണ്ഡിതന്‍

അബൂബക്കര്‍ കാരകുന്ന് :ഷെയ്ഖ് മുഹമ്മദ്‌ കാരകുന്നിന്റെ ഓര്‍മയില്‍
സനേഹസമ്പന്നനായ ഒരു അയല്‍ക്കാരനെയും ഉറ്റസുഹൃത്തിനെയുമാണ് അബൂബക്കര്‍ കാരകുന്നിന്റെ മരണത്തിലൂടെ എനിക്ക് നഷ്ടപ്പെട്ടത്. വീട്ടില്‍നിന്ന് നോക്കിയാല്‍ കാണുകയും വിളിച്ചാല്‍ കേള്‍ക്കുകയും ചെയ്യുന്നത്ര അയല്‍വീട്ടിലാണ് അടുത്ത കാലംവരെ അദ്ദേഹം താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ അടുത്തിടപഴകാനും സഹവസിക്കാനും ധാരാളമായി അവസരം ലഭിച്ചു. വ്യത്യസ്ത സംഘടനകളിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും അത് അയല്‍പക്ക ബന്ധത്തെയോ ഗാഢമായ സൗഹൃദത്തെയോ അല്‍പംപോലും ബാധിച്ചിരുന്നില്ല. കണ്ടുമുട്ടുമ്പോഴെല്ലാം ഉള്ളുതുറന്ന് സംസാരിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്‍േറത്. നാട്ടിലെ പല കൂട്ടായ്മകളിലും ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോഴും പ്രസംഗവേദികള്‍ പങ്കിട്ടപ്പോഴും അബൂബക്കര്‍ കാരകുന്നിന്റെ വിശാല മനസ്‌കതയും സമീപനത്തിലെ പ്രസാദാത്മകതയും അനുഭവിച്ചറിഞ്ഞതാണ്. പരന്ന വായനയും പഠനവും പ്രകൃതത്തിന്റെ ഭാഗമായിരുന്നതിനാല്‍ പല പ്രശ്‌നങ്ങളിലും വിശാല വീക്ഷണവും ഉള്‍ക്കാഴ്ചയും പുലര്‍ത്താന്‍ സാധിച്ചു.
എന്നെപ്പോലെത്തന്നെ വളരെ ദരിദ്രമായ കുടുംബത്തിലാണ് അബൂബക്കറും ജനിച്ചുവളര്‍ന്നത്. അതിനാല്‍, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് നിലമ്പൂരിനടുത്ത എരഞ്ഞമങ്ങാട് അനാഥശാലയില്‍നിന്നാണ്. തുടര്‍ന്ന് അരീക്കോട് സുല്ലമുസ്സലാം അറബി കോളജില്‍നിന്ന് അഫ്ദലുല്‍ ഉലമ പാസായി. അല്‍പകാലം അധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ട അബൂബക്കര്‍ ചെറിയ ഒരു ഇടവേളയില്‍ വിദേശത്തും ജോലിയില്‍ ഏര്‍പ്പെട്ടു. പഠനകാലത്തുതന്നെ എഴുത്തിലും പ്രസംഗത്തിലും കഴിവും മികവും തെളിയിച്ചു.
'ശബാബ്' വാരികയുടെ പത്രാധിപരായി ചുമതലയേറ്റതോടെ പത്രപ്രവര്‍ത്തനരംഗത്തും രചനാമേഖലയിലും തന്‍േറതായ മുദ്ര പതിപ്പിക്കാന്‍ സാധിച്ചു. കൊച്ചുകൊച്ചു വാചകങ്ങളില്‍ ലളിതമായ ഭാഷയില്‍ 'ശബാബി'ല്‍ എഴുതിക്കൊണ്ടിരുന്ന ലേഖനങ്ങളും കുറിപ്പുകളും വായനാസുഖമുള്ളവയായിരുന്നു. ഇസ്‌ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പലരില്‍നിന്നും വ്യത്യസ്തമായി ആകര്‍ഷകമായ ശൈലിയുടെ ഉടമയായിരുന്നു അബൂബക്കര്‍.
ഐ.എസ്.എമ്മിന്റെ പ്രസാധനാലയമായ 'യുവത'യുടെ വളര്‍ച്ചയിലും അബൂബക്കറിന് നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിഞ്ഞു. ഒരേസമയം ഇത്തിഹാദുശ്ശുബ്ബാനുല്‍ മുജാഹിദീന്റെ പ്രസിഡന്റും 'ശബാബി'ന്റെ പത്രാധിപരും 'യുവത'യുടെ ഡയറക്ടറുമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നത് ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം എടുത്തുപറയേണ്ട നേട്ടംതന്നെയാണ്; അദ്ദേഹത്തിന്റെ കഴിവിനും സമര്‍പ്പണസന്നദ്ധതക്കും കര്‍മോത്സുകതക്കും സേവനമനസ്സിനും ലഭിച്ച അംഗീകാരവും.
ദീര്‍ഘമായ പതിനഞ്ചു വര്‍ഷം അബൂബക്കര്‍ ഐ.എസ്.എമ്മിന് നേതൃത്വംനല്‍കി; ആറു വര്‍ഷം സെക്രട്ടറിയായും ഒമ്പതു വര്‍ഷം പ്രസിഡന്റായും. ഐ.എസ്.എം സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെടാനും പൊതുകാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്താനും തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ്. പരമ്പരാഗത മതപണ്ഡിതരില്‍നിന്ന് വ്യത്യസ്തമായി പൊതുവായനയിലും പഠനത്തിലും അബൂബക്കര്‍ നന്നായി ശ്രദ്ധിച്ചു.
2003ല്‍ 'വര്‍ത്തമാനം' ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായി ചുമതല ഏല്‍ക്കുന്നതുവരെ അദ്ദേഹം 'ശബാബ്' വാരികയുടെ പത്രാധിപരായി തുടര്‍ന്നു. 'വര്‍ത്തമാനം' പത്രം സ്ഥാപിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയുണ്ടായി.
ജന്‍ശിക്ഷണ്‍ സംസ്ഥാനിന്റെ മലപ്പുറം റീജനല്‍ ഡയറക്ടറായതോടെയാണ് സംഘടനാ ഭാരവാഹിത്വത്തില്‍നിന്ന് പൂര്‍ണമായും ഒഴിവായത്. ഹൃദ്യമായ പെരുമാറ്റവും തികഞ്ഞ വിനയവും മാന്യമായ സമീപനവും അബൂബക്കറിന്റെ മുഖമുദ്രകളായിരുന്നു. മുഖത്തുനിന്ന് മന്ദഹാസം മായുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വമായിരുന്നു. സ്‌റ്റേജുകളിലും താളുകളിലും ഞങ്ങള്‍ക്ക് പരസ്‌പരം വിമര്‍ശിക്കേണ്ടിവന്നപ്പോഴും മാന്യതയും പരസ്‌പര ബഹുമാനവും പുലര്‍ത്താന്‍ സാധിച്ചു. ചടുലമായ ജീവിതത്തിന്റെ ഉടമയായിരുന്ന അദ്ദേഹം നിറയൗവനത്തില്‍ വിടപറയുമെന്ന് പ്രതീക്ഷിച്ച തായിരുന്നില്ല -അടുത്ത കാലത്ത് രോഗശയ്യയിലാകുംവരെ.
അര്‍ബുദ രോഗത്തിനടിപ്പെട്ട് കാലുകള്‍ തളര്‍ന്ന് കഠിനമായ പ്രയാസം അനുഭവിച്ചപ്പോഴും മുഖത്തെ പ്രസാദാത്മകത്വം ഒട്ടും നഷ്ടപ്പെടാതിരിക്കുമാറ് അസാധാരണമായ ഇച്ഛാശക്തിയും സഹനവും പ്രകടിപ്പിച്ചു. രോഗശയ്യയിലായിരിക്കെ ചെന്നുകണ്ടപ്പോഴെല്ലാം രോഗത്തെ സംബന്ധിച്ച് അന്വേഷിക്കുമ്പോള്‍ വളരെ നിസ്സാരമാണ് അതെന്ന നിലയിലാണ് സംസാരിച്ചുകൊണ്ടിരുന്നത്.
വ്യത്യസ്ത സംഘടനകളിലായിരിക്കെ ഹൃദ്യമായ സ്‌നേഹവും ആദരവും അടുപ്പവും പുലര്‍ത്തുന്ന അപൂര്‍വം നേതാക്കളിലും പണ്ഡിതരിലും മുന്നണിയിലുള്ള ആത്മസുഹൃത്താണ് അബൂബക്കര്‍ കാരകുന്നിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്; കേരള മുസ്‌ലിംകള്‍ക്ക് കഴിവുറ്റ ഒരു യുവപണ്ഡിതനെയും എഴുത്തുകാരനെയും. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം അനുഗ്രഹപൂര്‍ണമാക്കിത്തീര്‍ക്കുമാറാകട്ടെ.