പാസ്പോര്‍ട്ട് അപേക്ഷ; ഇഷ്ടദിവസവും സമയവും മുന്‍കൂട്ടി തെരഞ്ഞെടുക്കാം


കോഴിക്കോട്: പാസ്പോര്‍ട്ട് അപേക്ഷകള്‍ നല്‍കുന്നതിന് ഇഷ്ടദിവസവും സമയവും അപേക്ഷകര്‍ക്ക് മുന്‍കൂട്ടി തെരഞ്ഞെടുക്കാമെന്ന് പാസ്പോര്‍ട്ട് ഓഫിസര്‍ കെ.പി. മധുസൂദനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുലര്‍ച്ചെ വന്ന് പാസ്പോര്‍ട്ട് ഓഫിസിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. എരഞ്ഞിപ്പാലം പാസ്പോര്‍ട്ട് ഓഫിസില്‍ മാര്‍ച്ച് അഞ്ച് മുതല്‍ തത്കാല്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂവെന്നും, വെസ്റ്റ്ഹില്‍ ചുങ്കത്തിന് സമീപവും വടകരയിലും പ്രവര്‍ത്തനം തുടങ്ങിയ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മാര്‍ച്ച് 15നുശേഷം കണ്ണൂര്‍ സവിത തിയറ്ററിനടുത്തും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലും പുതിയ സേവാ കേന്ദ്രങ്ങള്‍ തുറക്കും.
ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുമ്പോള്‍ തെരഞ്ഞെടുക്കുന്ന ഏത് സേവാകേന്ദ്രത്തിലും അപേക്ഷ നല്‍കാവുന്നതാണ്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത് ഇപ്രകാരം:
1. www.passportindia.gov.in വെബ്സൈറ്റില്‍ ലോഗ്ഓണ്‍ ചെയ്യുക.
2. അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും അതിനായി ഒരു പാസ്വേര്‍ഡും സൃഷ്ടിക്കുക.
3. അപേക്ഷാഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ (രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം) ഇ-ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതേ വെബ്സൈറ്റില്‍ തന്നെ അപ്ലോഡ് ചെയ്യുകയോ ആവാം.
4. അപേക്ഷാ റഫറന്‍സ് നമ്പര്‍ (എ.ആര്‍.എന്‍.) കുറിച്ചുവെക്കണം. ലഭ്യതയനുസരിച്ച് ഇഷ്ടമുള്ള ദിവസവും സമയവും അപേക്ഷാഫോറത്തില്‍ പൂരിപ്പിക്കുമ്പോള്‍ കൂടിക്കാഴ്ചാ ദിവസവും സമയവും ലഭിക്കും. ഇതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കുക.
5. നിര്‍ദേശിക്കപ്പെട്ട ദിവസം, കൂടിക്കാഴ്ചാ സമയത്തിന് മുമ്പായി സേവാ കേന്ദ്രത്തില്‍ എത്തുക (കോഴിക്കോട്ട് ഇഷ്ടദിവസം കിട്ടിയില്ലെങ്കില്‍ വടകര, കണ്ണൂര്‍, പയ്യന്നൂര്‍ സേവാകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം).
6. ആവശ്യപ്പെട്ട എല്ലാ യഥാര്‍ഥ രേഖകളും പകര്‍പ്പുകളുമായി അപേക്ഷകന്‍ നേരിട്ടെത്തണം.
7. സെക്യൂരിറ്റിക്കാരന്‍ എ.ആര്‍.എന്‍ സ്ലിപ് പരിശോധിച്ച ശേഷം ഉള്ളിലേക്ക് കടത്തിവിടും.
8. അകത്തുകടന്നാല്‍ പ്രീ വെരിഫിക്കേഷന്‍ കൗണ്ടറിലെത്തി രേഖകള്‍ പ്രാഥമിക പരിശോധനക്ക് വിധേയമാക്കണം. അതിനുശേഷം ടോക്കണ്‍ നല്‍കും. ടോക്കണ്‍ കാണിച്ചാല്‍ അടുത്ത ഹാളിലേക്ക് കടത്തിവിടും.
9. വിസിറ്റേഴ്സ് ലോഞ്ചില്‍ കടന്നാല്‍ മുന്നിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡ് നോക്കി ഇനി പോകേണ്ട കൗണ്ടര്‍ മനസ്സിലാക്കണം. (കുടിവെള്ളം, ടോയ്ലറ്റ്, വികലാംഗര്‍ക്കും ശിശുപരിചരണത്തിനുമുള്ള സംവിധാനം എന്നിവ വെയ്റ്റേഴ്സ് ലോഞ്ചിലുണ്ട്)
10. ഊഴമനുസരിച്ച് തുടര്‍ന്ന് എ കൗണ്ടറില്‍ എത്തണം. ഇവിടെ 13 ടേബ്ളുകളുണ്ടാവും. ലഭിക്കുന്ന കൗണ്ടറിലെത്തിയാലുടന്‍ അപേക്ഷകന്റെ ഫോട്ടോയും ബയോമെട്രിക് വിരലടയാളവും ഒപ്പും എടുക്കും. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.
11. തുടര്‍ന്ന് 'ബി' കൗണ്ടറിലെത്തി രേഖകള്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കണം. പാസ്പോര്‍ട്ട് ഓഫിസ് ജീവനക്കാരുടെ സേവനം 'ബി' കൗണ്ടര്‍ മുതല്‍ ലഭ്യമാവും. (നാലു വയസ്സില്‍ താഴെയുള്ളവര്‍ക്ക് മാത്രം ഫോട്ടോ കൊണ്ടുവരാം).
12. രേഖകള്‍ കൃത്യമാണെങ്കില്‍ 'സി' കൗണ്ടറിലേക്ക് ഊഴമനുസരിച്ച് പോകണം. പാസ്പോര്‍ട്ട് ഗ്രാന്‍ഡിങ് ഓഫിസര്‍ അപേക്ഷ പരിശോധിച്ച് സ്ലിപ് നല്‍കും. അപേക്ഷയില്‍ സംശയമുണ്ടെങ്കില്‍ തൊട്ടടുത്ത മുറിയിലെ അസി. പാസ്പോര്‍ട്ട് ഓഫിസറെ കാണാന്‍ നിര്‍ദേശിക്കും.
13. സ്ലിപ് ലഭിച്ചാല്‍ പിന്‍വാതിലിലൂടെ പുറത്തുപോകാം. പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ കമ്പ്യൂട്ടര്‍ മുഖേന ബന്ധപ്പെട്ട എസ്.പി ഓഫിസിലേക്ക് പോകും. സേവാ കേന്ദ്രത്തില്‍ ഒരാള്‍ക്ക് 45 മിനിറ്റുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാം.
14. ഓണ്‍ലൈനില്‍ തൊട്ടടുത്ത മൂന്നു ദിവസത്തേക്കുള്ള അപേക്ഷകളേ സ്വീകരിക്കൂ. ദിവസവും വൈകീട്ട് ആറിനുശേഷം സൈറ്റ് തുറന്നുകൊടുക്കും. ഒരു ഐ.പിയില്‍ മൂന്ന് ബുക്കിങ്ങുകളേ പരിഗണിക്കൂ. സംശയങ്ങള്‍ക്ക് 1800-258-1800 എന്ന  24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്.
അപേക്ഷകള്‍ കൃത്യമാണെങ്കില്‍ മൂന്നു ദിവസത്തിനകം പാസ്പോര്‍ട്ട് ഡെസ്പാച്ച് ചെയ്യും. ചെയ്താലുടന്‍ അപേക്ഷയില്‍ പറയുന്ന ഇ-മെയില്‍ വിലാസത്തിലും ഫോണില്‍ എസ്.എം.എസ് ആയും വിവരം ലഭിക്കും.
തത്കാല്‍ അപേക്ഷയും മാര്‍ച്ച് പകുതിക്കുശേഷം സേവാകേന്ദ്രത്തിലേക്ക് മാറ്റും. അതോടെ, എരഞ്ഞിപ്പാലം മേഖലാ ഓഫിസ് പാസ്പോര്‍ട്ടുകളുടെ പ്രിന്റിങ്, ഡെസ്പാച്ച് എന്നിവക്ക് മാത്രമായി നിജപ്പെടുത്തും.
അപേക്ഷാ ഫീസ് ആയിരം രൂപ പണമായി തന്നെ അടക്കണമെന്നും പാസ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. സേവാകേന്ദ്രം ഇന്‍ ചാര്‍ജ് വി. പങ്കജാക്ഷനും ടാറ്റ കണ്‍സല്‍ട്ടന്‍സി പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തിരുശേഷിപ്പ് കൈവിടരുത് *




 മുജീബുര്‍റഹ്മാന്‍ കിനാലൂര്‍


'അവര്‍ പറഞ്ഞു: ഈ പ്രവാചകന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്തുകൊണ്ട് ഒരു മാലാഖ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് കനികള്‍ എടുത്തു തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല?'(ഖുര്‍ആന്‍: 25:78)
മുഹമ്മദ് നബി തിരുമേനി വിമോചന സന്ദേശവുമായി അറേബ്യയിലെ ഗോത്രങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നപ്പോള്‍ അവര്‍ ആശ്ചര്യത്തോടെ ഉന്നയിച്ച ചോദ്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തം. ദൈവത്തില്‍ നിന്നുള്ള സന്ദേശവാഹകനായ ഒരു പ്രവാചകന്‍, സാധാരണ മനുഷ്യരെ പ്പോലെ ജീവിക്കുന്നത് അവര്‍ക്ക് ഊഹിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ അവര്‍ ചോദിച്ചുകൊണ്ടിരുന്നത്. ഭൂമിയില്‍ സ്പര്‍ശിച്ച് ഉറവയുണ്ടാക്കുക, പഴച്ചാറിന്റെ അരുവികള്‍ ഒഴുക്കുക, ആകാശത്തുനിന്ന് ഒരു കീറ് വീഴ്ത്തുക, ഒരു കനകവീട് പ്രത്യക്ഷപ്പെടുത്തുക എന്നിങ്ങനെയുള്ള അത്ഭുതങ്ങള്‍ കാട്ടിത്തന്നാല്‍ തങ്ങള്‍ മുഹമ്മദില്‍ വിശ്വസിച്ചു കൊള്ളാമെന്നാണ് അവര്‍ പറഞ്ഞത്.
ഞൊടിയിടകൊണ്ട് ദിവ്യാത്ഭുതങ്ങള്‍ കാണിക്കണമെന്ന അറബികളുടെ ആവശ്യത്തോട് പ്രവാചകന്‍ പ്രതികരിച്ചതും ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. 'എന്റെ രക്ഷകന്‍ എത്ര പരിശുദ്ധന്‍! ഞാന്‍ സന്ദേശവാഹകനായി അയക്കപ്പെട്ട ഒരു മനുഷ്യന്‍ മാത്രമാണ്'(17:13)

പ്രവാചകന്മാരെക്കുറിച്ചും ആത്മീയ നേതാക്കളെക്കുറിച്ചും ചരിത്രാതീത കാലംമുതല്‍ ലോകത്ത് നിലനിന്ന ധാരണ, അവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം അത്ഭുതങ്ങള്‍ കാണിക്കാന്‍ സാധിക്കും എന്നാണ്. ഭൗതികനിയമങ്ങളെയും കേവലയുക്തിയെയും അട്ടിമറിക്കുന്ന അതിമാനുഷ കൃത്യങ്ങള്‍ വെളിപ്പെടുന്നവരാണ് ആത്മീയപുരുഷന്മാരും പുണ്യവാളന്മാരുമെന്ന് ജനം സങ്കല്‍പ്പിച്ചു. ഈ ധാരണയെ തകര്‍ത്തെറിയുന്നതാണ് പ്രവാചക ചരിത്രം. അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവരും ആലംബഹീനരും അധ:കൃതരുമായ പാവങ്ങളില്‍ ഒരാളായാണ് ജീവിച്ചത്. സത്യസന്ദേശം പ്രചരിപ്പിക്കാന്‍ ഇറങ്ങിയപ്പോള്‍ പ്രമാണിവര്‍ഗം അദ്ദേഹത്തെ പീഡിപ്പിച്ചു. തന്റെ അനുയായികള്‍ക്കൊപ്പം അദ്ദേഹം വിശപ്പും വേദനയും സഹിക്കേണ്ടിവന്നു. ആക്രമിക്കപ്പെട്ടു; നാടുവിടേണ്ടി വന്നു.
ദുരന്തങ്ങളും ദുരനുഭവങ്ങളുമുണ്ടായപ്പോഴെല്ലാം തികച്ചും മാനുഷികമായി അതിനെ നേരിടുകയായിരുന്നു പ്രവാചകന്‍. യുദ്ധങ്ങളില്‍ ആയുധങ്ങളും യുദ്ധ തന്ത്രങ്ങളുംകൊണ്ടാണ് എതിരാളികളെ നേരിട്ടത.് വിജയങ്ങള്‍ നേടിയപോലെ പരാജയങ്ങളും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നു. ഇതിന്നര്‍ഥം അദ്ദേഹം പുണ്യവാനായിരുന്നില്ലെന്നല്ല, ദൈവികസഹായം അദ്ദേഹത്തിനും അനുചരര്‍ക്കും ലഭിച്ചിരുന്നില്ലെന്നുമല്ല, മറിച്ച് മനുഷ്യന്‍ എന്ന നിലയിലുള്ള സ്വാഭാവികതയില്‍ നിന്ന് അദ്ദേഹത്തിന്റെ  ജീവിതം ഒഴിവായിരുന്നില്ലെന്നാണ്.
ഒരു പുരുഷായുസ്സ് നീണ്ട ജീവിതത്തില്‍ ദൈവിക നിശ്ചയത്താല്‍ അത്ഭുതങ്ങള്‍ സംഭവിച്ച അല്‍പം ചില സന്ദര്‍ഭങ്ങളൊഴിച്ചാല്‍, മുഹമ്മദ് നബിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം അവിശ്വസനീയമാംവിധം 'മാനുഷികത'യും മാനവിക ഗുണങ്ങളും അദ്ദേഹം പുലര്‍ത്തി എന്നതാണ്. അതീവ ലളിതമായി ജീവിച്ച പാവങ്ങളെ സഹായിച്ചു. ശത്രുക്കളോട് പോലും അസാമാന്യമായ വിട്ടുവീഴ്ച കാണിച്ചു.  പ്രതിക്രിയക്കു പകരം സഹനമവലംബിച്ചു. ഭക്ഷണവും ദാഹവും അസഹ്യമായപ്പോള്‍ പച്ചിലകള്‍ പോലും തിന്നു ജീവിച്ചു. അനുയായികളോട്, തൊഴിലെടുത്ത് ജീവിക്കാന്‍ അനുശാസിച്ചു. കൃഷിയും കച്ചവടവും നിര്‍മാണവും പുണ്യകരമായ കര്‍മങ്ങളാണെന്ന് ഉപദേശിച്ചു. അല്ലാതെ, 'ആള്‍ദൈവങ്ങളെ'പ്പോലെ ആകാശത്തുനിന്ന് ഭക്ഷണത്തളിക ഇറക്കിക്കൊടുത്തോ ഭൂഗര്‍ഭത്തില്‍ നിന്ന് തേനരുവികള്‍ പിളര്‍ത്തിയോ ദിവ്യാത്ഭുതങ്ങള്‍ കാണിച്ച് അനുയായികളെ വിസ്മയിപ്പിക്കുകയായിരുന്നില്ല അദ്ദേഹം.
ജീവിച്ചിരിക്കെ, ശരീരത്തിലെ എല്ലാ അവയവങ്ങളും പൂര്‍ണമായും ഊര്‍ജസ്വലമായിരിക്കേ അതുകൊണ്ട് ആത്മീയ സിദ്ധികള്‍ കാണിക്കുന്നതിനു പകരം മാനുഷിക ജീവിതം നയിച്ച പ്രവാചകന്‍, മരണാനന്തരം ഏതെങ്കിലും അവയവങ്ങള്‍ കൊണ്ടോ ശരീര വസ്തുക്കള്‍ കൊണ്ടോ ദിവ്യാത്ഭുതം നല്കുമോ?  മറ്റെല്ലാവരെയും പോലെ പ്രവാചകനെയും മരണാനന്തരം ഖബറടക്കിയ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായികള്‍ ലോകത്തിനു നല്‍കുന്ന സന്ദേശമെന്താണ്? പ്രവാചകന്റെ ശരീരാവശിഷ്ടങ്ങള്‍ കൊണ്ട് അത്ഭുതം ചെയ്യാമെന്ന് പ്രവാചകശിഷ്യന്മാര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ ഭൗതികശരീരംകൊണ്ട് അവര്‍ ശുശ്രൂഷകള്‍ നടത്തുമായിരുന്നില്ലേ? അതിനുവേണ്ടി പ്രത്യേകം ആത്മീയകേന്ദ്രം തന്നെ പണിയുമായിരുന്നില്ലേ? എന്നാല്‍, തന്റെ അനുചരന്മാര്‍ക്ക് നബിതിരുമേനി നല്കിയ ഏറ്റവും പ്രധാനപ്പെട്ട ഉപദേശം, മുന്‍ സമൂഹങ്ങളെപോലെ തന്റെ ഖബറിടം ആരാധനാ കേന്ദ്രവും പുണ്യസ്ഥലവുമാക്കരുതെന്നാണ്.
                                               $
പണ്ഡിതന്മാര്‍, പ്രവാചകന്മാരുടെ അനന്തരാവകാശികളാണെന്ന് നബിതിരുമേനി അരുളിയിട്ടുണ്ട്. പ്രവാചകന്മാര്‍ ജീവിച്ചുകാണിച്ച പ്രകാശപൂര്‍ണമായ ജീവിതം നയിക്കുകയും പ്രവാചകര്‍ പ്രബോധനം ചെയ്ത മഹിതമായ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഈ അനന്തരാവകാശം കരഗതമാകുന്നത്. പ്രവാചകന്റെ സന്ദേശങ്ങളും ചര്യകളുമാണ് അദ്ദേഹത്തിന്റെ പൈതൃകം. ഊഹാതീതമായ വിനയവും ലാളിത്യവും സാത്വികതയും കൊണ്ടു മാത്രമേ ആത്മീയമായ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയൂ. പൂര്‍വികരായ പല മഹാപണ്ഡിതന്മാര്‍ക്കും പ്രവാചക പൈതൃകത്തില്‍ ജീവിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നോ?
വേദവും മതവിജ്ഞാനവും കൈവശമുണ്ടെന്നവകാശപ്പെടുന്നവര്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ സുവര്‍ണഗോപുരങ്ങളിലാണിന്ന് പരിലസിക്കുന്നത്. അധികാരത്തിന്റെ അരമനകളില്‍ അവര്‍ സുഖാനുഭൂതികള്‍ നുകരുന്നു. കിതാബുകള്‍ തുറന്നുവെച്ച് ലാഭക്കച്ചവടത്തിന്റെ ഫത്‌വകള്‍ പരതുന്നു. വോട്ടും നോട്ടും എണ്ണിത്തിട്ടപ്പെടുത്തി രാഷ്ട്രീയക്കാരുമായി വിലപേശുന്നു. മതത്തിന്റെ ആന്തരിക മൂല്യങ്ങളില്‍ നിന്ന് അകന്നുപോയി അശാന്തിയില്‍ വലയുന്ന കുഞ്ഞാടുകള്‍ക്ക് വെള്ളവും ചരടും മന്ത്രിച്ചു നല്കി പണം പറ്റുന്നു. വിശുദ്ധന്മാരുടെ ശവകുടീരങ്ങള്‍ക്കു മുകളില്‍ പച്ചപ്പട്ടു വിരിച്ച്, നേര്‍ച്ചക്കുറ്റികള്‍ സ്ഥാപിച്ച് പണപ്പിരിവിന് കാവലിരിക്കുന്നു. തിരുനബിയുടെ പൈതൃകമെവിടെ, നമ്മുടെ പണ്ഡിതന്മാരുടെ വൈതൃകമെവിടെ?!
ജീവിതാന്ത്യത്തില്‍ മുഹമ്മദ് നബി നല്കിയ ഒസ്യത്ത്, തന്റെ തിരുശേഷിപ്പുകള്‍ കൈവിടരുതെന്നാണ്. അദ്ദേഹം  പറഞ്ഞു: രണ്ടു ശേഷിപ്പുകള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വിട്ടേച്ച് പോകുന്നു. അതു പിന്തുടരുന്നപക്ഷം, നിങ്ങള്‍ വഴികെട്ടു പോകില്ല. ദൈവിക വേദഗ്രന്ഥവും നബിചര്യയുമത്രെ അത്.
പ്രവാചകന്റെ സ്ഥായിയായ തിരുശേഷിപ്പുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് പണ്ഡിത ധര്‍മം. മനുഷ്യരുടെ വിമോചന ഗ്രന്ഥമായ ഖുര്‍ആനിന്റെ വിപ്ലവകരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചും അതിന്റെ പ്രായോഗിക മാതൃകയായ നബിയുടെ ചര്യ അനുധാവനം ചെയ്തുമാണ് വിശ്വാസികള്‍ തിരുശേഷിപ്പുകള്‍ സ്വായത്തമാക്കേണ്ടത്. ഇവിടെ പണപ്പെട്ടിക്കോ, സംഭാവന പിരിവിനോ ചൂഷണങ്ങള്‍ക്കോ അശേഷം പഴുതില്ല. ഇടനിലക്കാര്‍ക്കും മധ്യവര്‍ത്തികള്‍ക്കും ഏജന്റുമാര്‍ക്കും സ്‌കോപ്പില്ല. അതിനാല്‍, നമ്മുടെ മതവാണിഭക്കാര്‍ ഇതാ പുതുശേഷിപ്പുകള്‍ കണ്ടുപിടിച്ചിരിക്കുന്നു! പ്രവാചകന്റെ തിരുവചനങ്ങള്‍ പട്ടുറുമാലില്‍ കെട്ടിപ്പൂട്ടി വെച്ച്, എവിടെനിന്നോ ചില മുടിക്കെട്ടുകള്‍ കെട്ടിയെടുത്ത് കൊണ്ടുവന്ന് അവര്‍ അത് 'തിരുകേശ'വും 'തിരുശേഷിപ്പു' മാണെന്ന് വിളംബരപ്പെടുത്തുന്നു. 'തിരുമുടി' സംരക്ഷണത്തിന് ബഹുകോടികളുടെ പള്ളി പണിയുന്നു. ബഹുരസമതല്ല, തിരുമുടിപ്പള്ളിയോട് ചേര്‍ന്ന് വമ്പന്‍ വ്യാപാരസമുച്ചയവുമുയരാന്‍ പോകുന്നുവെന്ന വിവരം അവര്‍ മറച്ചുവെക്കുന്നില്ല എന്നതാണ്. ദീപസ്തംഭം മഹാശ്ചര്യം!