കത്തുപാട്ടിന്റെ ശില്പ്പി സംസാരിക്കുന്നു


മൂന്ന് പതിറ്റാണ്ടായി 'ദുബായ്ക്കത്തുപാട്ട്' പിറന്നിട്ട്. വിരഹത്തിന്റെ, സങ്കടത്തിന്റെ, പരിഭവത്തിന്റെ ഗാഥ എന്നതിലുപരി എണ്പതുകളിലെ കേരളത്തിന്റെ അനുഭവചരിത്രംകൂടിയായിരുന്നു ആ പാട്ട്. ദുബായ്ക്കത്തുപാട്ടിന്റെ ശില്പ്പി പാട്ടിന്റെ പിറവിയെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.

ഒരുപക്ഷേ, 'ദുബായ്ക്കത്തുപാട്ടും അതിന്റെ മറുപടിയും' എന്ന മാപ്പിളപ്പാട്ട് ആയിരിക്കാം എസ്.എ. ജമീല് എന്ന കലാകാരനെ ആസ്വാദകര്ക്ക് പ്രിയങ്കരനാക്കിയത്. എഴുപതുകളിലും എണ്പതുകളിലും ഗള്ഫ്-പ്രവാസി ജീവിതത്തിന്റെ വൈകാരിക മണ്ഡലത്തില് ആ പാട്ടുണ്ടാക്കിയ ഇളക്കങ്ങള് ചെറുതല്ല. മാപ്പിള കലാ-സാഹിത്യ ലോകത്ത് ജമീല് സൃഷ്ടിച്ച വേറിട്ട അനുഭവ മണ്ഡലത്തിന്റെയും രചനാ വൈഭവത്തിന്റെയും ദര്ശനത്തിന്റെയും വ്യാപ്തി നമ്മെ അത്ഭുതപ്പെടുത്തും. പാട്ടുകെട്ടിയും കവിത രചിച്ചും പാടിയും അഭിനയിച്ചും വരച്ചും മനഃശാസ്ത്ര ചികിത്സ ചെയ്തും ഇദ്ദേഹം ജീവിത കലാരൂപങ്ങളുടെ ബഹുലതകളെ നിര്മിച്ചു. അതേ ഇഷ്ടികകള് കൊണ്ടുതന്നെ തനിക്കുചുറ്റും ദുര്ഗം ഉണ്ടാക്കി അതിനകത്ത് ഒറ്റയ്ക്കിരുന്നു. ഈ തനിച്ചിരുപ്പ് ഒരു കലാകാരന് ഏറനാടിന്റെ ആധുനിക സാംസ്കാരിക ചരിത്രത്തോടൊപ്പം സഞ്ചരിച്ചതിന്റെ രേഖകൂടിയാണ്. കലയുടെ കച്ചവടവത്കരണത്തെ എഴുതിത്തള്ളി വേറിട്ട ജീവിതം നയിക്കുന്ന എസ്.എ. ജമീലിന്റെ മുഖങ്ങളെ/ മുഖംമൂടികളെ പ്രകാശിപ്പിക്കുകയാണീ സംഭാഷണത്തിലൂടെ. ജീവിതത്തെയും വേദാന്തത്തെയും ഒരുപോലെ 'കോത്താമ്പി' എന്നാണ് ജമീല് വിശേഷിപ്പിക്കാറ്. ഈ ഗ്രാമീണ പ്രയോഗത്തിന്റെ അര്ഥം 'ഭൂതാവിഷ്ടമായ ഒരു സമസ്യ എന്നത്രെ.

'ഒരു കലാകാരന് എന്ന നിലയ്ക്കുള്ള അരങ്ങേറ്റം ഓര്മിക്കുന്നുണ്ടോ?

1950-കളില് നിലമ്പൂരില് രൂപവത്കരിച്ച നിലമ്പൂര് യുവജന കലാസമിതി എന്ന സംഘടനയിലൂടെയാണ് എന്റെ അരങ്ങേറ്റം. ഡോ. എം. ഉസ്മാന് ആയിരുന്നു സമിതിയുടെ പ്രസിഡന്റ്. നാട്ടിലെ പേരുകേട്ട ആദ്യത്തെ എം.ബി.ബി.എസ്. ഡോക്ടര് ആയിരുന്നു അദ്ദേഹം. അവിഭക്ത കമ്യൂണിസ്റ്റ് പാര്ട്ടിയുടെ പ്രവര്ത്തകരായിരുന്നു കലാസമിതിയുടെ തലപ്പത്ത്. ഇ.കെ. അയമു, കുഞ്ഞിക്കുട്ടന് തമ്പുരാന്, നിലമ്പൂര് ബാലന് എന്നിവരെല്ലാം പ്രധാന സംഘാടകരാണ്. നാടകവും സംഗീതവും ആയിരുന്നു സമിതിയുടെ മുഖ്യ പ്രവര്ത്തന മേഖല. പാര്ട്ടിയുടെ പ്രചാരണാര്ഥമുള്ള കലാസാംസ്കാരിക പ്രവര്ത്തനങ്ങള്ക്കായിരുന്നു മുന്തൂക്കം.

സ്കൂളില് പഠിക്കുന്ന കാലത്തുതന്നെ ഞാന് പാടുകയും വരയ്ക്കുകയും ചെയ്യുമായിരുന്നു. എന്നാല് സ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കിയില്ല. വീട്ടില് ഒറ്റയ്ക്കിരുന്ന് വരച്ചു, പാടി. യാഥാസ്ഥിതിക ഫ്യൂഡല് കുടുംബത്തിലാണ് ജനിച്ചതെങ്കിലും ബാപ്പ നപ്രധാന കോണ്ഗ്രസ് പ്രവര്ത്തകനും പുരോഗമന ചിന്തകനും സലഫി ചിന്തകനുമായിരുന്നു. അദ്ദേഹം പാടുകയും ഹാര്മോണിയം വായിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല് ബാപ്പ എന്നോട് പാടാനായി ആവശ്യപ്പെട്ടു. റാഫിയുടെയും തലത്ത് മെഹമൂദിന്റെയും പാട്ടുകള് പലതും മനഃപാഠമാണന്ന്. സങ്കോചത്തോടെയാണെങ്കിലും ബാപ്പയുടെ മുന്നില് മെഹമൂദിന്റെ 'ജല്ത്തേ ഹേ ജിസ്കേലിയേ' പാടി. പാടിക്കഴിഞ്ഞപ്പോള് അദ്ദേഹം എന്നെ ആലിംഗനം ചെയ്തു. യഥാര്ഥത്തില് അരങ്ങേറ്റവും അതിനുള്ള അംഗീകാരവും ആയിരുന്നു അത്.

'ബാപ്പയെക്കുറിച്ച് കൂടുതല് പറയാമോ?

സയ്യദ് മുഹമ്മദ് ജലാലുദ്ദീന് മൗലാനാ എന്നാണ് മുഴുപേര്. എസ്.എം.ജെ. മൗലാനാ എന്ന ചുരുക്കപ്പേരില് അറിയപ്പെട്ടു. മുഹമ്മദ് അബ്ദുറഹിമാന് സാഹിബ്, കെ.പി. കേശവമേനോന്, മൊയ്തു മൗലവി... എന്നിവരുടെയൊക്കെ അടുത്ത സുഹൃത്തായിരുന്നു. മുഖ്യമായ തൊഴില് വൈദ്യവൃത്തി. അബ്ദുറഹിമാന് സാഹിബ് രൂപവത്കരിച്ച കോണ്ഗ്രസുകാരുടെ വേദിയായ മുസ്ലിം മജ്ലിസിലെ കണ്ണിയായിരുന്നു ബാപ്പ. ദേശീയ മുസ്ലിം എന്നറിയപ്പെടാന് ആഗ്രഹിച്ചു. ആകാശവാണിയില് നിരവധി തവണ തന്റെ സ്വരം കേള്പ്പിച്ചിട്ടുണ്ട്. നല്ലൊരു സംഗീതപ്രേമിയായിരുന്നു. മഹാത്മാഗാന്ധി വെടിയേറ്റുമരിച്ച സന്ദര്ഭത്തില് ദില്ലിയിലെ സര്വമത പ്രാര്ഥനാ സദസ്സില് ഖുര്-ആന് പാരായണത്തിന് തെരഞ്ഞെടുക്കപ്പെട്ടവരില് ഒരാള് അദ്ദേഹം ആയിരുന്നു. കവിതാ കമ്പവും ഉണ്ടായിരുന്നു ബാപ്പയ്ക്ക്. ഗാന്ധിജിയുടെ മരണത്തില് മനംനൊന്ത് അദ്ദേഹം രചിച്ച ഗാനം ആരംഭിക്കുന്നത് ഇങ്ങനെയാണ്:
''ഭാരത സൂര്യന് ഇന്നസ്തമിച്ചു
നിര്ഭാഗ്യം, നാമെല്ലാവരും സ്തംഭിച്ചു
ശാന്തി സന്ദേശവുമായി ഉദിച്ചുമഹാന്
ഗാന്ധിജി നമ്മില് നിന്നന്തരിച്ചു.''

'എങ്ങനെയാണ് നിലമ്പൂര് യുവജന കലാസമിതിയില് എത്തിയത്?

സ്കൂള് പഠനം മതിയാക്കി പാട്ടും ചിത്രരചനാ കൗതുകവുമായി തനിച്ചിരിക്കുകയായിരുന്നു എന്നു സൂചിപ്പിച്ചുവല്ലോ. അപ്പോഴാണ് ഇ.കെ. അയമു എന്നെ ആവശ്യപ്പെട്ടുകൊണ്ട് വീട്ടിലെത്തുന്നത്. ഡോ. എം. ഉസ്മാനും കൂടെയുണ്ട്. തെല്ലൊരു ആശങ്ക ബാപ്പയ്ക്കുണ്ടായിരുന്നു. അദ്ദേഹം പേരുകേട്ട ദേശീയ മുസ്ലിമും കോണ്ഗ്രസുകാരനും. ഇവരാവട്ടെ കോണ്ഗ്രസ് വിരോധികളായ കമ്യൂണിസ്റ്റുകാരുമാണല്ലോ. അവസാനം ബാപ്പ, ഉപാധികളോടെ സമ്മതിച്ചു. ''ഇവനെക്കൊണ്ട് പാട്ട് പാടിച്ചോളൂ. അണിയറയില്നിന്ന് ഒരു കാരണവശാലും സ്റ്റേജിലേക്ക് കൊണ്ടുവരരുത്'' എന്നതായിരുന്നു ബാപ്പയുടെ കല്പന.

'യുവജനസമിതിയില് എന്തായിരുന്നു താങ്കളുടെ റോള്?

യുവജന കലാസമിതിയുമായി ചേര്ന്ന് എന്റെ ആദ്യത്തെ അരങ്ങ് പൊന്നാനിയിലാണെന്നാണ് ഓര്മ. ഇ.കെ. അയമുവിന്റെ 'ജ്ജ് ഒരു മന്സനാകാന് നോക്ക്' എന്ന നാടകത്തിനിടയില് ചില പാട്ടുകള് പാടുക. നാടകത്തിലെ പാട്ടുകളല്ല പാടേണ്ടത്. അന്നത്തെ പതിവനുസരിച്ച് ഓരോ രംഗം കഴിയുമ്പോഴും ഓരോ പാട്ടുണ്ടാവും. അണിയറയില്നിന്നാണ് പാടുക. ആദ്യമായി പാടിയത് തമിഴ് സിനിമയായ ദേവദാസിലെ 'തുനിന്തതെന് മനമേ...' ആയിരുന്നു. 'ഭഗവാനി'ല് മുഹമ്മദ് റാഫി പാടിയ 'തൂ ഗംഗാ മൗജ് മേം ജമുനാ കാ ധാരാ...' ആയിരുന്നു മറ്റൊന്ന്. മൂന്നാല് പാട്ട് പാടിയപ്പോഴേക്കും സദസ്സില്നിന്ന് ഗായകനെ കാണണമെന്ന് ആവശ്യം ഉയര്ന്നു. ആ സ്റ്റേജില് അയമു എന്നെ പരിചയപ്പെടുത്തിയത് സഖാവ് എസ്.എ. ജമീല് എന്നായിരുന്നു. ഞാന് ഞെട്ടിപ്പോയി. പിന്നെ നാടകത്തില് എനിക്ക് ബഹുവിധ വേഷങ്ങളായി. ആദ്യമായി ചെറിയൊരു തുക പ്രതിഫലംകിട്ടി. ആഹ്ലാദത്തോടെ ഉമ്മയെ അതേല്പിക്കാന് ചെന്നു. നാടകം ഹറാമാണന്ന്. ഹറാമില്നിന്നു കിട്ടുന്ന പണം സ്വീകരിക്കാന് പാടില്ലെന്നുപറഞ്ഞ് ഉമ്മ അത് തിരസ്കരിച്ചു.

'അന്ന് സ്ത്രീകഥാപാത്രങ്ങള് അവതരിപ്പിച്ചിരുന്നത് സ്ത്രീകള് തന്നെയായിരുന്നോ?

ഏതാണ്ട് അക്കാലത്താണ് സ്ത്രീകള് സ്ത്രീകളെത്തന്നെ അവതരിപ്പിച്ചുതുടങ്ങുന്നത്. നിലമ്പൂര് ആയിഷ അപ്പോഴേക്കും നാടകനടിയായിത്തീര്ന്നിട്ടുണ്ട്. ജാനകി, ആമിന എന്നിങ്ങനെ ചില നടിമാരുമുണ്ട്. കൂടാതെ കോഴിക്കോട്ടുനിന്ന് ചില നടിമാരെ കൊണ്ടുവന്നിരുന്നു.

'നാടകവുമായി ബന്ധപ്പെട്ട മറ്റ് ഓര്മകള് പറയാമോ?

ഈ നാടകം നൂറുകണക്കിന് അരങ്ങുകളില് കളിച്ചിട്ടുണ്ട്. 1954-ല് പാലക്കാട്ട് നടന്ന കമ്യൂണിസ്റ്റ് പാര്ട്ടിയുടെ ആറാം പാര്ട്ടി കോണ്ഗ്രസ്സില് നാടകം അരങ്ങേറി. ഇ.എം.എസ്സും ഇമ്പിച്ചിബാവയും മറ്റുപല നേതാക്കന്മാരും അഭിനന്ദിച്ചത് ഓര്മയുണ്ട്. മദ്രാസിലും ബോംബെയിലും നിലമ്പൂര് യുവജന കലാസമിതി നിരവധി നാടകങ്ങള് കളിച്ചു. 1958-ല് കലാസമിതിയുടെ ബോംബെ ടൂര് നടത്തി. അയമുവിന്റെ നാടകത്തോടൊപ്പം ഡോ. എം. ഉസ്മാന് എഴുതിയ 'ദുനിയാവില് ഞാനൊറ്റയ്ക്കാണ്' എന്ന നാടകവും അവതരിപ്പിച്ചു. മുഖ്യകഥാപാത്രമായ പ്രൊഫസറെ അവതരിപ്പിച്ചത് ഞാനാണ്.

'ഈ രണ്ടു നാടകങ്ങളും തമ്മില് താരതമ്യം ചെയ്യാമോ?

അന്നത്തെ പരിഷ്കാര നാടകങ്ങളെന്നു പറഞ്ഞാല് ഇന്നത്തെ നാടകങ്ങളെപ്പോലെയല്ല. കാലികമായ കുറേ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അരങ്ങത്ത് അവതരിപ്പിച്ചിരുന്ന രീതിയാണ് ഉണ്ടായിരുന്നത്. സമുദായത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇതേമട്ടില് അവതരിപ്പിച്ചിരുന്ന നാടകമാണ് 'ജ്ജ് ഒരു മന്സനാവാന്നോക്ക്'. അയമുവിന്റെ മാര്ക്സിസ്റ്റ് പ്രത്യയശാസ്ത്രം നാടകത്തെ പുരോഗമനപരമാക്കി. ഇതില്നിന്ന് വ്യത്യസ്തമാണ് 'ദുനിയാവില് ഞാന് ഒറ്റയ്ക്കാണ്'. ഒരു മുസ്ലിം പെണ്ണ് പിഴയ്ക്കുന്നതും വീട്ടുകാരും നാട്ടുകാരും അവളെ ഉപേക്ഷിക്കുന്നതും പ്രായമുള്ള ഒരു പ്രൊഫസര് അവള്ക്ക് സംരക്ഷണം ഏകുന്നതും അതുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളും എല്ലാമാണ് നാടകത്തിന്റെ ഇതിവൃത്തം. പ്രൊഫസര് എന്ന കഥാപാത്രം ഇത്തരമൊരു ജീവിതഗതിയിലൂടെ നേരിടുന്ന അസ്തിത്വപ്രശ്നങ്ങളാണ് നാടകത്തിന്റെ അടിയൊഴുക്ക്. ഒരര്ഥത്തില് അക്കാലത്തെ രചനാരീതികളില്നിന്ന് ഏറെ വ്യത്യസ്തമാണ് ഡോ. ഉസ്മാന്റെ നാടകം. ആധുനിക നിലമ്പൂരിനെ കണ്ടെടുത്തത് ഡോ. ഉസ്മാനാണ് എന്നു പറഞ്ഞാല് തീരെ അതിശയോക്തിയില്ല. ഈ നാടകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് നമ്മുടെ നാടകസാഹിത്യത്തിന്റെ പാപ്പരത്തമാണ് വെളിവാക്കുന്നത്. അങ്ങനെ നിരവധി രചനകള് പ്രസിദ്ധീകരിക്കാതെ വിസ്മൃതമായിട്ടുണ്ട്.

'താങ്കള് പാട്ടിലേക്ക് സജീവമായി തിരിച്ചുവരുന്നതെങ്ങനെയാണ്?

യുവജന കലാസമിതിയുടെ ബോംബെ ടൂറ് ജീവിതത്തിലെ വഴിത്തിരിവായിരുന്നു. നാട്ടുകാരനും സുഹൃത്തുമായ രാമചന്ദ്രന് അന്ന് ബോംബെയിലാണ്. കുറച്ചുകാലം അവിടെ തങ്ങാനും മറ്റ് അവസരങ്ങളെക്കുറിച്ച് ആലോചിക്കാനും അദ്ദേഹം എന്നെ ഉപദേശിച്ചു. അന്ന്, അവിടെ ഫിലിംസ് ഡിവിഷനില് ജോലി ചെയ്തിരുന്ന നാണപ്പനുമായി പരിചയപ്പെടുത്തി. സുന്ദരസുരഭിലമായ ഒരു ഭാവിയെക്കുറിച്ചുള്ള പ്രചോദനങ്ങള് എന്നെ അവിടെ തളച്ചിട്ടു. കലാസമിതി ട്രൂപ്പിനോടൊപ്പം നാട്ടിലേക്ക് തിരിക്കുന്നില്ലെന്ന് ഉറപ്പിച്ചു. എനിക്ക് താത്പര്യമുള്ള പാട്ട്, വര, ഫോട്ടോഗ്രഫി, അഭിനയം എന്നീ മേഖലകള് ബോംബെയില് എന്നെ മറ്റൊരാളാക്കി മാറ്റുമെന്ന് ഞാനും പ്രത്യാശിച്ചു. ട്രൂപ്പിനോടൊപ്പം തിരിച്ചു പോരാത്തതിന് നിരവധി വിമര്ശനങ്ങളുണ്ടായി. എന്നാല് അയമു സപ്പോര്ട്ടുചെയ്തു. മലയാളി സമാജങ്ങളും കലാസമിതികളും ഒക്കെയായി എണ്പതോളം സംഘടനകള് അന്ന് ബോംബെയിലുണ്ട്. അതില് പലതിലും പാട്ടുകാരനും ആട്ടക്കാരനുമായി ഞാന് ജീവിച്ചു. ആയിടയ്ക്ക് സംഗീതസംവിധായകരായ എസ്.ഡി. ബര്മന്, സലില് ചൗധരി, ഒ.പി. നയ്യാര്, ഉഷാ ഖന്ന എന്നിവരുമായി പരിചയപ്പെട്ടു.

എന്റെ സുഹൃത്തും കേരളത്തില് പലയിടത്തും കഥാപ്രസംഗം അവതരിപ്പിച്ചുനടന്ന ആളും ബോംബെയില് ജോലിക്കാരനുമായിരുന്ന മഹ്മൂദ് ബാബു ആണ് ഈ പ്രശസ്തരെയെല്ലാം പരിചയപ്പെടുത്തിയത്. ഈ സംഗീതസംവിധായകന്മാരില് പലരും എനിക്ക് സിനിമകളില് പാടാന് അവസരം തരാമെന്നു പറഞ്ഞെങ്കിലും കാര്യങ്ങള് അതുപോലെ നടന്നില്ല. എന്നാല് ഉഷാഖന്ന എന്നെക്കൊണ്ട് പാടിക്കയും അവര് സംഗീതസംവിധാനം ചെയ്യുന്ന അടുത്ത സിനിമയില് അവസരം നല്കാമെന്ന് ഏല്ക്കുകയും ചെയ്തു. ഡയറക്ടറെയും പ്രൊഡ്യൂസറെയും കേള്പ്പിക്കുന്നതിനായി രണ്ടുമൂന്ന് പാട്ടുകള് 'ഓണ്റെക്കോഡ്' ചെയ്തുവരാന് ആവശ്യപ്പെട്ടു. 'ദില്ദേഖേ ദേഖോ' എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. റെക്കോഡു ചെയ്ത പാട്ടുകള് ഞാന് ഉഷാഖന്നയെ കേള്പ്പിച്ചു. ഏതോ ഒരു മുഖര്ജിയാണ് സിനിമയുടെ നിര്മാതാവെന്നും അദ്ദേഹത്തിന്റെ താത്പര്യം അറിഞ്ഞതിനുശേഷം വിളിക്കാമെന്നും ഉഷാഖന്ന പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞ് അവരെന്നെ വിളിപ്പിച്ച് പ്രൊഡ്യൂസര്ക്ക് പാട്ട് ഇഷ്ടമായെങ്കിലും റഫി സാഹിബിനെ പോലെയുള്ള ഒരാളെക്കൊണ്ടു മാത്രമേ ഇങ്ങനെയൊരു പടത്തില് പാടിക്കാന് പറ്റൂ എന്നാണദ്ദേഹത്തിന്റെ നിലപാടെന്നും പറഞ്ഞു. എനിക്കാകെ നിരാശയും ഭ്രാന്തും വന്നു. സംഗീതവും ചിത്രവും നാടകാഭിനയവും എല്ലാമായി ഏകദേശം ഒരു വര്ഷം പിന്നിട്ടിരുന്നു. ആശയറ്റ ഒരു കയത്തിലേക്കു വീണപോലെ തോന്നി. തിരിച്ചുപോരാന് തീരുമാനിച്ചു. തിരിച്ചുപോരുന്ന ദിവസം ബോംബെ വി.ടി. റെയില്വേ സ്റ്റേഷനില് കലാരംഗത്തെ നിരവധി സുഹൃത്തുക്കള് യാത്രയയപ്പ് നല്കിയത് ഇന്നും ഓര്മിക്കുന്നു.

വീട്ടിലെത്തിയ ഞാന് മാസങ്ങളോളം അസുഖം ബാധിച്ചവനെപ്പോലെ പുറംലോകം കാണാതെ എന്നിലേക്ക് തന്നെ ഉള്വലിഞ്ഞു. ഒരു ഇരുട്ടറയില് ഇരിക്കാനായിരുന്നു എനിക്കാഗ്രഹം. വെളിച്ചത്തെ വെറുത്തു. കാക്ക, മറ്റു പക്ഷികള് എന്നിവയുടെ ശബ്ദങ്ങള് കേള്ക്കുന്നതുപോലും അസഹ്യമായി. തീര്ത്തും മനോരോഗിയെപ്പോലെയായി. ഡോ. ഉസ്മാന്റെ നിരന്തര സമ്മര്ദത്തിനു വഴങ്ങിയാണ് അവസാനം പുറംലോകത്തേക്കിറങ്ങാന് തീരുമാനിച്ചത്. നന്നായ് ഡ്രസ്സ് ചെയ്ത് കുറെ നാളുകള്ക്ക് ശേഷം കണ്ണാടിയില് നോക്കിയപ്പോള് അന്ധാളിച്ചു. എന്റെ മുഖം എനിക്ക് തീരെ പരിചയമില്ല.

അവസാനം, രണ്ടും കല്പിച്ച് പകല്വെളിച്ചത്തിലേക്ക് ഇറങ്ങി നടന്നു - ഇങ്ങനെ ഒരു പ്രാര്ഥനയുമായ്: 'പടച്ചവനേ ഞാന് ദുര്ബലനാണ്. ദുനിയാവിലെ എല്ലാ ദൗര്ബല്യങ്ങളും എനിക്കുണ്ട്. നീ എന്റെ മുന്നില് നടക്കണേ, ഞാന് നിന്റെ പിന്നിലുണ്ടാവും.' എന്റെ മനോരോഗം മാറ്റാന് വേണ്ടിയാണ് മനഃശാസ്ത്രവും ഹിപ്നോട്ടിസവും പഠിച്ചത്. ഇന്ന് വരയെക്കാളും സംഗീതത്തെക്കാളും എന്റെ ജീവിതത്തിന് പ്രയോജന മാര്ഗമായിത്തീരുന്നത് അതാണ്.

'കവിത നിറഞ്ഞ മാപ്പിളപ്പാട്ടുകള് ആണ് ജമീലിന്റെത്. അതിലെ നപ്രൗഢഭംഗിയും താളവും സംസ്കൃത ചാരുതയും വേറിട്ടുനില്ക്കുന്നു.

ഈ പ്രപഞ്ചത്തിലെ എല്ലാ രഹസ്യങ്ങളും അറിയണം എന്നുള്ള ആഗ്രഹം മനസ്സില് ഉണ്ടായിരുന്നു. ചെറുപ്പത്തില്ത്തന്നെ പുസ്തകവായനയും ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഹിന്ദു മിത്തോളജിയും വേദാന്തവും. മിസ്റ്റിസിസവും സൂഫിസവും എന്റെ ഇഷ്ടവിഷയങ്ങള് ആയിരുന്നു. സംസ്കൃതം ഞാന് പഠിച്ചിട്ടില്ല. നന്നെ ചെറുപ്പത്തിലേ കവിതകളും ഗാനങ്ങളും എഴുതാനുള്ള വാസന ഉണ്ടായിരുന്നു. ബാലന്സ്ഷീറ്റ് എന്ന കവിത മുപ്പതാം നൂറ്റാണ്ടില് ജീവിക്കുന്ന, എല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ നിസ്സാരമായ ജീവിതത്തെച്ചൊല്ലിയുള്ള ആലോചനയായി മാറുന്നു. ആഖ്യാനാത്മകമാണ് ഇത്തരം കവിതകളുടെ സ്വഭാവം.
'നേടിയതൊക്കെ നിരത്തി മുന്നില്വെച്ച്
തട്ടിക്കൂട്ടിക്കിഴിച്ചാ സംഖ്യ നോക്കുമ്പോള്
അറിവിനാകെത്തുക അറിയായ്കയാണെന്ന
മുറിവേറ്റയറിവിന്റെ അവിരാമ നൊമ്പരം' (ബാലന്സ്ഷീറ്റ്)

പ്രപഞ്ചത്തെ മുഴുവന് കീഴടക്കിയാലും അതിന്റെ ഉച്ചിയില് സ്ഥിതി ചെയ്യുന്ന ദുനിയാവിലെ ഏറ്റവും തിളക്കമുള്ള രക്തനക്ഷത്രം അതിലേക്ക് ചേര്ന്നാലും അത് ഭൂമിയിലേക്കു തന്നെ പറന്നെത്തേണ്ടിയിരിക്കുന്നു. ഈ ഭൂമിയറിവ് എന്നെ, കൊണ്ടു ചെന്നെത്തിക്കുന്നത് നേരത്തെ ഉന്നയിച്ച സമസ്യകളിലാണ്. ഇങ്ങനെയുള്ളൊരു മനുഷ്യന് എന്ത് സമാധാനമാണ് ഉണ്ടാകുക? ഒരു വിശ്വാസി എന്ന് പറയാനാണ് ഞാന് ഇഷ്ടപ്പെടുന്നത്, എന്നാല് നടേ പറഞ്ഞ ചോദ്യങ്ങളുടെ രാക്ഷസന് എന്നെ വിട്ടുപോവുന്നുമില്ല. ഈ അത്ഭുതവും ആസ്വാദനവുമാണ് എന്റെ എഴുത്തിന്റെ ഉറവിടം

'ഈയൊരു സര്ഗബോധത്തെക്കുറിച്ച് കുറേക്കൂടി പറയാമോ?

ബോധമുദിച്ചൊരാള് ചെയ്യുന്നതാദ്യം
ബോധപൂര്വം ആത്മഹത്യതാന്
- എന്ന് ചുമട്ടുതൊഴിലാളി എന്ന കവിതയില് ഞാന് എഴുതിട്ടുണ്ട്. എന്നാല് ഞാനിതുവരെ ആത്മഹത്യ ചെയ്തിട്ടില്ല. അതിനുള്ള ധൈര്യവും എനിക്കില്ല. എന്നാല്, ഇതൊരു കേവല ചിന്ത മാത്രമാണെന്ന് പറയാനും പറ്റില്ല. ജീവിതത്തെ മുന്നോട്ടു നയിക്കുന്ന സര്ഗ ചേതന എന്റെ മുമ്പിലോ പിറകിലോ ഉണ്ട്. ബുദ്ധിപരമായി ചിന്തിച്ചാലും ഇതുതന്നെയാണ് ശരി. ഈ സര്ഗചേതനയുടെ മുമ്പില് ഞാനൊരു അടിമയാണ്. ഈ അജ്ഞാത സര്ഗചേതനയെക്കുറിച്ച് പറയാന് എനിക്ക് ആയിരം ജന്മം കിട്ടിയാലും പോരാ. ഒരു മണല്ത്തരിയെപ്പറ്റി മാത്രം ചിന്തിച്ചുകൊണ്ട് എനിക്കൊരു മഹാജന്മം കഴിച്ചുകൂട്ടാന് പറ്റും എന്ന് തോന്നാറുണ്ട്. ഒരു മണല്ത്തരി എന്നു പറഞ്ഞാല് ഇവിടെയുള്ള മരുഭൂമി എത്ര? ഒരു തുള്ളി എന്ന് പറഞ്ഞാല് ഇവിടത്തെ സാഗരമെത്ര? ഈ പ്രപഞ്ചത്തെ ഉള്ക്കൊണ്ട് എനിക്ക് ജീവിക്കണമെങ്കില് ഈ പ്രപഞ്ചത്തോളം പോന്നൊരു വ്യക്തിത്വം- മറ്റൊരു ഭാഷയില് പറഞ്ഞാല് ഈശ്വര തുല്യമായൊരു വ്യക്തിത്വം- ഉണ്ടെങ്കിലേ പറ്റൂ. മനസ്സും മസ്തിഷ്കവും എന്നാലേ തൃപ്തിപ്പെടൂ. ഈ പ്രപഞ്ചത്തിന് ഉള്ളും പുറവുമില്ല, ഇടവും വലവുമില്ല; അനന്തവിസ്തൃതമാണെല്ലാം.

'മാംസനിബദ്ധമായൊരു കാല്പനികത മാപ്പിളപ്പാട്ടുകളുടെ പൊതു സ്വഭാവമാണെന്ന് പറയാറുണ്ട്. താങ്കളുടെ കവിതയിലും പാട്ടിലും ഇത് ഇങ്ങനെത്തന്നെയാണോ?

മുഖ്യധാരാ മാപ്പിളപ്പാട്ടുകളില് ഏറെക്കുറെ അങ്ങനെത്തന്നെയാണ്. എന്നാല് ഞാനിതിനോട് വിയോജിക്കുന്ന ആളാണ്. കാല്പനികത എന്ന പദത്തിന് ഞാന് കൊടുക്കുന്ന അര്ഥം അതിവിശാലമാണ്. ഉദാഹരണത്തിന് വളരെ മുമ്പെഴുതിയ ഒരു പാട്ടിന്റെ വരികളിതാ:

''കണ്ണുകള് കാണുമ്പോള് കവിയായ് തീരുന്നു.
കവിളുകള് കാണുമ്പോള് കലാകാരനാവുന്നു
അധരങ്ങള് കാണുമ്പോള് മധുപനായ് മാറുന്നു
അപ്പോഴേക്കും മോഹം അണപൊട്ടിയൊഴുകുന്നു.''
പാട്ട് അവസാനിക്കുന്നത് ഇപ്രകാരമായിരിക്കും:-
''അരികിലിരിക്കുമ്പോള് അഖിലം മറക്കുന്നു
അപ്പോഴതാ സ്വര്ഗവാതില് തുറക്കുന്നു
ആലിംഗനത്തില് അദൈ്വതമായ്ത്തീരുന്നു
അവിടെവെച്ച് അഹം ബ്രഹ്മമാവുന്നു.''

ഇതൊരു മാംസനിബദ്ധരാഗമാണെന്ന് പറയാമോ? പ്രണയത്തെക്കുറിച്ച് എഴുതുമ്പോള്പോലും എന്റെ ഉള്ളിന്റെയുള്ളിലെ അതിവിശാലമായ ഒരു പ്രപഞ്ചത്തെയാണ് തുറക്കുന്നത്. പച്ചയായ പ്രണയത്തോട്് എനിക്കൊരു അഭിപ്രായവുമില്ല. ഇങ്ങനെ തുറന്നു പറഞ്ഞാല് മോശക്കാരനാവുമെന്ന് എനിക്കറിയാം. അല്ലെങ്കില് പ്രണയത്തിനും മാംസബദ്ധരാഗത്തിനും അമിതമായ പ്രധാന്യം നല്കുന്നത് എന്തിനാണ്? മഹാകവികളെല്ലാം കൂടി പ്രേമത്തെ ഒരു കോത്താമ്പിയാക്കി മാറ്റിയിരിക്കുകയാണ്. ചങ്ങമ്പുഴയെ പോലുള്ളവര് സ്ത്രീ-പുരുഷ ബാന്ധവത്തെ അമിതമായി ആദര്ശവത്കരിച്ചു.

പ്രകൃതിയില് എല്ലായിടത്തുമുള്ള വൈകാരികമായ ആവശ്യകത മാത്രമാണത്. ചങ്ങമ്പുഴയുടെ രമണന് എത്രയാളുകളെയാണ് വഴിതെറ്റിച്ചത്? ഇടപ്പള്ളി രാഘവന് പിള്ളയുടെ ജീവിതമാണുപോലും അതിന് ആധാരം. 26 വയസ്സുള്ളപ്പോള്, ചുറുചുറുക്കുള്ള പ്രായത്തില് പ്രതിഭാധനനായ ഒരു മനുഷ്യന് കേവലമൊരു പെണ്ണിനുവേണ്ടി തൂങ്ങിച്ചത്തു. എനിക്കതിനോട് പുച്ഛമാണ്. ഇത്തരം കാര്യങ്ങള് എഴുതിപ്പിടിപ്പിച്ചാല് ആസ്വാദക ഭൂരിപക്ഷം അതിനോടൊപ്പം നില്ക്കും. അവരുടെ മനസ്സിന്റെ നിലവാരം അത്രേയുള്ളൂ. രമണനാണ് മലയാളത്തിലെ ഏറ്റവുമധികം വിറ്റഴിച്ച കാവ്യമെന്ന് പറയാറുണ്ട്. വാസ്തവത്തില് ജനങ്ങളുടെ / മലയാളി ആസ്വാദകരുടെ ബുദ്ധിയുടെയും വികാസത്തിന്റെയും ചെറുപ്പമാണിത് കാണിക്കുന്നത്. ഞാന് ജീവിതത്തിലാണ് വിശ്വസിക്കുന്നത്. അത്, ഒരിക്കല് മാത്രം വരദാനമായി ലഭിക്കുന്നതാണ്. പ്രണയം മറ്റൊരു ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ളതാണ്. രമണന് ജിവിത വിരുദ്ധമായൊരു കാവ്യമാണ്.

ഞാന് പ്രേമത്തെ കുറിച്ചൊരു മാപ്പിളപ്പാട്ട് എഴുതിയിട്ടുണ്ട്. എന്റെ വിവാഹത്തിന് മുന്പാണത് ''എന്താണീ പ്രേമം.
എന്ത് കുന്താണീ പ്രേമം''
ആ പാട്ടിനെ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ''കെട്ടിവരിഞ്ഞൊരു ബന്ധം / കെട്ടഴിഞ്ഞൂ മന്ദമന്ദം / ഹാ കത്തിയെരിഞ്ഞൊരു പന്തം / കെട്ടണഞ്ഞപ്പോള് വെറും കുന്തം / ആ ദൈവിക പ്രണയബന്ധം / ഒടുവില് ദയനീയമാം ദുരന്തം....''

'ചങ്ങമ്പുഴക്കവികളോടുള്ള ഒരു വിമര്ശനം ആണോ ഇത്?

ചങ്ങമ്പുഴക്കവികളോട് മാത്രമല്ല ചങ്ങമ്പുഴയെപ്പോലെ എഴുതിയ ലോകത്തിലെ എല്ലാ കാല്പനിക കവികളോടുമുള്ള വിമര്ശനമാണ്. ''വെറുമൊരു കൊടിച്ചിപ്പട്ടി കണക്കെ / നീ ചാകണമെടോ ഹംക്കേ'' എന്നുവരെ ഇക്കാര്യത്തില് എന്റെ വിമര്ശനം ചെന്നെത്തും. ഇതൊരു ആക്ഷേപഹാസ്യം മാനത്രമല്ല, വലിയൊരു യാഥാര്ഥ്യമാണ്. നമ്മുടെ പ്രകൃതി വികാരങ്ങളെ അശുദ്ധമാക്കി എത്രയോ കാമുകന്മാര് ഇങ്ങനെ ചത്തുപോയിട്ടുണ്ട്.

' എത്രമാത്രം കവിതകളും പാട്ടുകളും എഴുതിയിട്ടും താങ്കള് അറിയപ്പെടുന്നത് 'ദുബായ്ക്കത്ത് പാട്ടിന്റെ' പേരിലാണല്ലോ. മാത്രമല്ല ഗള്ഫ് ജീവിതത്തെക്കുറിച്ച് താങ്കള് പല പാട്ടുകളും എഴുതിട്ടുണ്ട്. എന്താണ് അതിനുള്ള പ്രേരണ?

ഗര്ഫ് ജീവിതത്തെക്കുറിച്ച് ആദ്യമായൊരു പാട്ടെഴുതുന്നത് മുപ്പത് വര്ഷങ്ങള്ക്ക് മുന്പ് 1977-ലാണ്. അതിന് പല കാരണങ്ങളും ഉണ്ട്. നമ്മുടെ ഗാനമേളകള് സ്വീകരിച്ചിരുന്ന രീതികളോട് എനിക്ക് വിമര്ശനമുണ്ടായിരുന്നു. സിനിമാ പാട്ടുകള് ആവര്ത്തിച്ചു പാടുന്നതാണ് അന്നത്തെ ഗാനമേളകള്. ആ പ്രവണതയ്ക്ക് മാറ്റം വരാനായി പാട്ടുകളുടെ രചനയില് ഞാന് ചില പുതുരീതികള് ബോധപൂര്വം പരീക്ഷിച്ചു -ഭക്തിഗാനങ്ങളിലടക്കം.

മറ്റൊന്ന് 1977-ല് ആദ്യമായി ഗള്ഫ് സന്ദര്ശിക്കാനുള്ള അവസരവും കിട്ടി. അന്ന് ഗള്ഫിലേക്ക് നിരവധി പേര് ജോലി അന്വേഷിച്ച് പൊയ്ക്കൊണ്ടിരിക്കുന്ന കാലമാണ്. അക്കാലത്തുതന്നെ ഞാന് അത്യാവശ്യം മനഃശാസ്ത്ര ചികിത്സ - കൗണ്സലിങ്ങും മറ്റും - ആരംഭിച്ചിട്ടുണ്ട്. ചികിത്സയ്ക്കായ് എത്തുന്നവരില് പലരും ഗള്ഫില് പോയവരുടെ ഭാര്യമാരാണ്. ഭര്ത്താവുമായി മൂന്നോ നാലോ വര്ഷത്തിനിടയ്ക്ക് ബന്ധപ്പെടാനുള്ള ആകെ മാര്ഗം കത്തെഴുത്ത് മാത്രമാണ്. 1977-ല് നടത്തിയ അബുദാബി യാത്ര ഗള്ഫിലെ ഭര്ത്താക്കന്മാരുടെ കരളലിയിക്കുന്ന ജീവിത കഥ കണ്ടറിയാനും അവസരമുണ്ടാക്കി. ചുരുക്കത്തില് ആ യാത്രയ്ക്ക് മുന്പേ എന്റെ ഹൃദയത്തില് തിങ്ങിവിങ്ങി നിറഞ്ഞ ആ പാട്ട് (ദുബായ്ക്കത്ത്) ഗള്ഫില് ചെന്നപ്പോഴാണ് വാര്ന്നൊഴുകി വീണത്. ആ പാട്ടില് പറഞ്ഞ കാര്യങ്ങള് അപ്പടി യാഥാര്ഥ്യമാണെന്ന് കാണാം.

'അക്കാലത്ത് ആ പാട്ട് എങ്ങനെയാണ് സ്വീകരിക്കപ്പെട്ടത്?

അതേക്കുറിച്ച് അവിശ്വസനീയമെന്നു പറയാവുന്ന നിരവധി കഥകളുണ്ട്. ഗള്ഫ് പോക്കറ്റുകള് ആയിരുന്ന കണ്ണൂര്, തലശ്ശേരി, ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളില് ഈ പാട്ട് കേട്ട പല ഭര്ത്താക്കന്മാരും ഗള്ഫ് ഉപേക്ഷിച്ചുവന്ന കഥകളാണ് അതിലൊന്ന്. മറ്റൊന്ന് ഗള്ഫില് ജോലിയുള്ളവരുടെ ഭാര്യമാരുടെ പ്രതികരണങ്ങളാണ്. അതില് ഒരു കത്ത് ഇപ്പോഴും ഓര്മിക്കുന്നു. ''മഹാനായ ഗായകാ, ഞങ്ങള്, സ്ത്രീകളുടെ വികാരവിചാരങ്ങളെ, പ്രതീക്ഷകളെ, പുതുമോഹന സങ്കല്പങ്ങളെ എല്ലാം ഒരു സ്ത്രീ മനസ്സിലാക്കുന്നതിലുപരിയായി ഗാനത്തില് ആവിഷ്കരിച്ച താങ്കളെ എങ്ങനെ ഞങ്ങള് വാഴ്ത്തണം? ഞങ്ങള്ക്ക് വാക്കുകളില്ല.''

എന്ന വരികള്ക്ക് താഴെ ഏതാണ്ട് പത്തോളം സ്ത്രീകള് (ഗള്ഫുകാരുടെ ഭാര്യമാര്) പേരെഴുതി ഒപ്പിട്ട ഒരു മെമ്മോറാണ്ടമായിരുന്നു അത്. ഇങ്ങനെ ആ പാട്ടിന്റെ ലഹരിയില് ഒറ്റയ്ക്കും തെറ്റയ്ക്കും സ്ത്രീകള് നിരവധി കത്തുകള് അയച്ചിരുന്നു. ചിലര് എഴുത്തിന്റെ കൂടെ ഫോട്ടോയും വെക്കും. സത്യത്തില് മറ്റൊന്നും വിചാരിച്ചല്ല അവര് ഇങ്ങനെയൊക്കെ ചെയ്യുന്നത്. അവരുടെ ഒരു സന്തോഷം അറിയിക്കുന്നു എന്നു മാത്രം. ഇതിന്റെ പേരില്, പലപ്പോഴും കുടുംബകലഹം ഉണ്ടായിട്ടുണ്ട്. ഈ കത്തുപാട്ട് ഇറങ്ങിയ കാലത്ത് ഒട്ടനവധി മാപ്പിള കവികള് ഈ പാട്ടുകളെ അനുകരിക്കാന് ശ്രമിക്കുകയുണ്ടായി. എന്നാല് അതൊന്നും ക്ലച്ച് പിടിച്ചില്ല. അവസാനം ആസ്വാദകരില് നിന്നുതന്നെ പാട്ടിന് മറുപടിയും എഴുതണമെന്ന ആവശ്യവുമുണ്ടായി. അങ്ങനെയാണ് മറുപടി പാട്ടെഴുതുന്നത്. അത് കത്തിനേക്കാള് വലിയ ലഹരിയായിമാറി.

'ഈ പാട്ടിന് വേറെന്തെങ്കിലും തരത്തില് വിമര്ശനങ്ങള് ഉണ്ടായോ?

ഈ പാട്ടിനെതിരെ സമുദായത്തില്നിന്ന് നിരവധി വിമര്ശനങ്ങള് ഉണ്ടായി. അതില് മുഖ്യമായ ഒന്ന് അബ്ദുസ്സമദ് സമദാനിയുടെതായിരുന്നു. എന്റെ പാട്ടില് അശ്ലീലം കണ്ടെത്തിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില് നിരന്തരം പരാമര്ശങ്ങളുണ്ടായി. കത്തുപാട്ടില് അദ്ദേഹത്തെ ചൊടിപ്പിച്ച വരികള് ഇതത്രേ,
''മധുരം നിറച്ചൊരാ മാംസ പൂവമ്പഴം / മറ്റാര്ക്കും തിന്നാന് കൊടുക്കൂലൊരിക്കലും / മലക്കല്ല ഞാന് പെണ്ണെന്നോര്ക്കണം നിങ്ങളും / യൗവനത്തേന് വഴിഞ്ഞേ....''

ഈ വരികളില് അദ്ദേഹം കണ്ടെത്തിയ അശ്ലീലം എനിക്കിന്നോളം പിടികിട്ടിയിട്ടില്ല. ഞാന് പലപ്പോഴും അതേക്കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ട്. 'മറ്റാര്ക്കും തിന്നാന് കൊടുക്കൂലാ മരിക്കോളം ഈ നിധികാക്കും,' എന്നാലും മലക്കല്ല' - എന്നാണ് ആ വരികളിലുള്ളത്. മലക്കുകള്ക്ക് (മാലഖമാര്ക്ക്) വികാരമില്ലല്ലോ. ദൈവത്തിന്റെ ആജ്ഞാനുവര്ത്തികള് മാത്രമാണല്ലോ അവര്.

പല സ്റ്റേജുകളിലും ഞാനിത് തുറന്നു പറഞ്ഞിട്ടുണ്ട്. ഇതുപോലെ കാവ്യാത്മകവും മനഃശാസ്ത്ര സംഗതവുമായ നാലുവരികള് എഴുതാന് ഈ വിമര്ശകനെയടക്കം പലപ്പോഴും ഞാന് വെല്ലുവിളിച്ചിട്ടുണ്ട്. സ്ത്രീയുടെ മനഃശാസ്ത്രം മാത്രമാണ് ഞാനാ പാട്ടില് പ്രകടിപ്പിച്ചത്. നാലുമാസത്തില് കൂടുതല് ഭര്ത്താവും ഭാര്യയും പിരിഞ്ഞിരിക്കുന്നത് തെറ്റാണ് എന്ന്, ശരീരശാസ്ത്രവും മനശ്ശാസ്ത്രവും മനസ്സിലാക്കിയ ഇസ്ലാം മതം ആണയിട്ടു പറഞ്ഞിട്ടുണ്ട്. താനൊരു പെണ്ണാണെന്നകാര്യം പിരിഞ്ഞിരിക്കുന്ന ഭര്ത്താവിനെ ഓര്മിപ്പിച്ചതില് അശ്ലീലമെന്താണ്? ഇതിന് എനിക്കൊരു ഉത്തരമേയുള്ളൂ. ഇങ്ങനെ വിചാരിക്കുന്ന ആളുകളുടെ മനസ്സുകളിലാണ് അശ്ലീലം. വിമര്ശകരെ തൃപ്തിപ്പെടുത്താനായി ഞാന് കവിതയും പാട്ടും രചിക്കാറില്ല. എനിക്ക് സത്യമാണെന്ന് തോന്നുന്നത് ഉത്തമ ബോധ്യമുണ്ടെങ്കില് ഞാനതു പറയുക തന്നെ ചെയ്യും!

'ബോംബെ ജീവിതത്തിനുശേഷം പിന്നെ നാടകത്തിലേക്ക് തിരിച്ചുപോയോ?

നിലമ്പൂര് കലാസമിതിയുടെ പ്രവര്ത്തനങ്ങള് അപ്പോഴേക്കും ഏറെക്കുറെ മന്ദീഭവിച്ചു കഴിഞ്ഞിരുന്നു. അതിന്റെ രണ്ടാംഘട്ടം സംഘടിപ്പിച്ചെടുക്കാന് പുനലൂര് ബാലന്റെ നേതൃത്വത്തില് ശ്രമമുണ്ടായി. അദ്ദേഹം രചിച്ച 'ധ്രുവങ്ങള് സന്ധിക്കുന്നു' എന്ന നാടകം അവതരിപ്പിച്ചുകൊണ്ടായിരുന്നു അത്. നാടകത്തിന് ആ പേര് നിര്ദേശിച്ചത് ഞാനാണ്. അതിന്റെ പ്രവര്ത്തനങ്ങളില് പങ്കാളിയായി. മെല്ലെമെല്ലെ അത് കെട്ടാറി. ജീവിക്കേണ്ട മുഴുസമയവും മാപ്പിളപ്പാട്ടിലേക്ക് തിരിഞ്ഞു. പാട്ടിന്റെ രചനയിലും അവതരണത്തിലും കുറേ പരീക്ഷണങ്ങള് നടത്തി. അതില് മിക്കതും ജനം സ്വീകരിച്ചു. എനിക്ക് ഞാനായിക്കൊണ്ടുമാത്രമേ എഴുതാനും നിലനില്ക്കാനും പറ്റുകയുള്ളൂ. നീക്കുപോക്കുകള് പറ്റാത്ത ഒരാളാണ് ഞാന്. പേരും നപ്രശസ്തിയും ഒരു വിഷയമേയല്ല. സെമി-ക്ലാസിക്കല് ആയ മാപ്പിളപ്പാട്ടുകളും ജനകീയമായ പാട്ടുകളും ഒരുപോലെ രചിച്ചു; പാടി.

'മാപ്പിളപ്പാട്ടുകളുടെ നിയമങ്ങള് പഠിച്ചിട്ടാണോ എഴുതുന്നത്? മാപ്പിളപ്പാട്ടുകളിലെ ഈ സെമി-ക്ലാസിക്കല് സ്വഭാവം പുതിയ മാപ്പിളപ്പാട്ടുകളില് ഏറെ വിരളമാണല്ലോ?

സംസ്കൃതം ഞാന് പഠിച്ചിട്ടില്ല. മാപ്പിളപ്പാട്ടുകളുടെ നിയമങ്ങളും പഠിച്ചിട്ടില്ല. എല്ലാം വാസനയില്നിന്ന് സംഭവിക്കുന്നതുപോലെയാണ് തോന്നിയിട്ടുള്ളത്. ഭക്തികാവ്യ/ഗാനങ്ങളില് സങ്കീര്ണമായ എന്നിലെ വിശ്വാസങ്ങളും വിചാരങ്ങളും കൂടുതല് പ്രാമാണ്യം നേടാറുണ്ട്. കാവ്യ ജീവിതത്തിന്റെ സവിശേഷമായ അംശങ്ങളും. ''ആകാശനീലക്കടമ്പ് നിവര്ത്തി/ അതിലസംഖ്യം നക്ഷത്രവര്ണങ്ങള് വിടര്ത്തി/ ബ്രഹ്മാണ്ഡമെന്ന വിശ്വമഹാകാവ്യമെഴുതി/ ആ ഗാനമനസ്യൂതമാലപിക്കും കവി നീയാണള്ളാ/ ഞാനൊരു ഗായകനല്ലാ...''

എന്റെ ഗാനങ്ങളില് ഏറ്റവുമധികം ഹിറ്റാവുകയും പ്രശ്നങ്ങള് ക്ഷണിച്ചുവരുകയും ചെയ്ത 'തൗഹീദ്ഗാന'വും ഇതേ മട്ടിലാണ്. ബഹുദൈവാരാധനയെ പലരൂപങ്ങളില് സ്വീകരിക്കുന്ന യാഥാസ്ഥിതിക സമുദായത്തോടുള്ള പരിഹാസ വിമര്ശം അതിന്റെ ഒരുവശം മാത്രമാണ്. ഇസ്ലാമിന്റെ അടിത്തറയായ 'ഏകദൈവത്വം' ആണ് അതില് പ്രധാനം. ഇക്കാര്യത്തില് ഞാന് ഒരു തീവ്രവാദി തന്നെയാണ്.
മാതൃകയില്ലാതെ ശുദ്ധശൂന്യതയില് നിന്നും സൃഷ്ടിച്ചൊരള്ളാഹു/ മാനവന്റെ നേര്ക്കെപ്പഴും കരുണ ചൊരിയുമഹാനാമള്ളാഹു/ മാനുഷജീവനാഡിയിലും സമീപമിരിക്കുവോരള്ളാഹു/ മാത്രം മതിയല്ലേതു സഹായം തേടാന് പോരേ ഒരള്ളാഹു/ നിങ്ങള്ക്കൊരള്ളാഹു പോരേ...''

ഖുര്-ആന് സൂക്തങ്ങള് തന്നെയാണ് ഞാനങ്ങനെ വരികളാക്കിയത്. ഈ ഗാനം പാടിയതുകൊണ്ട് പലസ്ഥലങ്ങളില്നിന്നും യാഥാസ്ഥിതിക സുന്നികളില് നിന്ന് കല്ലേറും മര്ദനവുമേലേ്ക്കണ്ടിവന്നിട്ടുണ്ട്.
ഒരു വിപ്ലവകാവ്യമായ 'തങ്ങള്കിസ്സ'യ്ക്കും ഇതേ കൊടിയ അനുഭവങ്ങള് ഉണ്ടായിട്ടുണ്ട്. എന്നാല് 'പെണ്ണുകെട്ടു'പോലുള്ള നിരവധി കിസ്സകള് ഏറെ ഹിറ്റായിട്ടുണ്ട്. എന്റെ പെണ്ണുകെട്ടുതന്നെയാണ് ഞാന്പാട്ടാക്കിയത്. സന്ദര്ഭാനുസാരം പാട്ടുകെട്ടുന്നത് എന്റെ ശീലമാണ്. എനിക്ക് ആദ്യത്തെ കുഞ്ഞുപിറന്ന സംഭവം ആ പാട്ടില് ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ''അതിര്ത്തിയില് യുദ്ധം വടക്ക്/ അഗ്നനിപര്വതം പൊട്ടീ തെക്ക്/ അപ്പോളോ പതിനൊന്ന് ചന്ദ്രോപരിതലത്തിലേക്ക്/ അപ്പോള് അടയിരുന്നെന് ഭാര്യ പെറ്റത് ഭൂതലത്തിലേക്ക്...''

ഇങ്ങനെ കവിതയും ശാസ്ത്രവും ദര്ശനവുമെല്ലാം ഒന്നിപ്പിക്കാന് ഞാനെന്റെ ഏതുതരം ഗാനത്തിലും ശ്രദ്ധിക്കാറുണ്ട്. പുതിയ പാട്ടു രചയിതാക്കളെപ്പോലെ ഏതെങ്കിലും നാല് അറബി പദങ്ങള് കൂട്ടിക്കലര്ത്തി തോന്നിയ രീതിയില് കെട്ടിയാല് പാട്ടാകുമെന്ന് ഞാന് വിശ്വസിക്കുന്നില്ല. പാട്ട് പിടിച്ചു നിലേ്ക്കണ്ടത് മാര്ക്കറ്റ് പരസ്യങ്ങളുടെ ഹുങ്ക്കൊണ്ടല്ല. പാട്ടിന്റെ ആന്തരിക ഗുണംകൊണ്ടാണ്. കാവ്യശയ്യസുദൃഢമായിരിക്കണം.
'പലതരത്തിലുള്ള കവിതകളും പാട്ടുകളും എഴുതുകയും പാടുകയും ചെയ്ത എസ്.എ. ജമീല് 'കത്തുപാട്ടുകാരന'ായല്ലേ അറിയപ്പെടുന്നത്. ഈ പാട്ടിന്റെ പ്രസക്തി താങ്കളിലെ മറ്റു പ്രതിഭാവിലാസങ്ങളെ മറച്ചുപിടിക്കുകയല്ലേ ചെയ്തത്.

ഏതു സിദ്ധാന്തങ്ങള് പറഞ്ഞാലും ഞാന് നിരന്തരം പാടിയതും എഴുതിയതും 'പള്ളപയിച്ചിട്ടാ'ണ്. ഞാനെഴുതിയതുകൊണ്ടും പാടിയതുകൊണ്ടും ഈ ദുനിയാവില് വിപ്ലവാത്മകമായൊരു മാറ്റം ഉണ്ടാകുമെന്ന മൂഢധാരണ എനിക്കില്ല. എനിക്ക് വേറൊന്നും ചെയ്യാനറിയില്ല. ഉദ്യോഗസ്ഥനാകാനുള്ള വിദ്യാഭ്യാസ യോഗ്യതയില്ല. അധ്വാനിക്കാനുള്ള കായികശേഷിയില്ല. അതുകൊണ്ട് വയറുനിലനിര്ത്താന് ഞാന് നിരന്തരം എഴുതി. അവ പാടി. അവയെ 'ആത്മാവിന്റെ അഗാധതലങ്ങളില് ചെന്ന്' ഉറന്നൂറിവരുന്ന 'കാവ്യതല്ലജങ്ങള്' എന്നൊക്കെ നിങ്ങള് പറഞ്ഞാല്പോലും എനിക്ക് അതിനോടും തരിമ്പും ബഹുമാനമില്ല. പാടുകയല്ലാതെ എനിക്ക് വേറൊന്നും ചെയ്യാനില്ലായിരുന്നു. അതത്രേ സത്യം.'

അവലംബം:മാതൃഭൂമി .


മക്കളേ മിടുക്കരാക്കാം


സ്കൂള് വരാന്തപോലും കണ്ടിട്ടില്ലാത്ത അമ്മമാര് കണ്ടും കേട്ടും പഠിച്ച ശിശുപരിപാലന കഴിവുകള്പോലും ഡിഗ്രിയും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയും സമ്പാദിച്ചിറങ്ങുന്ന ഇന്നത്തെ അമ്മമാര്ക്കില്ലതന്നെ. അതിനായി ഹൈസ്കൂള് ക്ലാസ്സുകള് മുതല് പഠന സിലബസ്സില് ശിശുപരിപാലന പാഠങ്ങള് ഉള്പ്പെടുത്തേണ്ടി വരുമെന്നാണ് തോന്നുന്നത്.

കുഞ്ഞുണ്ടാകും മുമ്പെ
കുഞ്ഞുണ്ടാകും മുമ്പുതന്നെ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. അമ്മയുടെ തൂക്കം, പൊക്കം, ആരോഗ്യശേഷി, ഗര്ഭിണിയായിരിക്കുമ്പോള് കഴിക്കുന്ന ആഹാരം തുടങ്ങി പല കാര്യങ്ങളും കുഞ്ഞുങ്ങളെ ബാധിക്കാറുണ്ട്. ചെറിയ അമ്മമാര് വലിയ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നില്ല. അതിനാല് പെണ്കുഞ്ഞുങ്ങളെ, നല്ല ആഹാരം നല്കി അവരുടെ ജനിതകപ്രകാരമുള്ള പരമാവധി വളര്ച്ചയുണ്ടാക്കുവാന് ശ്രദ്ധിക്കുക. അടുത്ത തലമുറ നന്നാകണമെങ്കില് പെണ്കുഞ്ഞുങ്ങളെ ശ്രദ്ധിച്ചു വളര്ത്തുക. ഗര്ഭാവസ്ഥയിലുണ്ടാകുന്ന റൂബല്ല എന്ന പനി വയറ്റില് കിടക്കുന്ന കുഞ്ഞിന് ഗുരുതരമായ തകരാറുണ്ടാക്കാം. അത് ഒഴിവാക്കാനായി എല്ലാ പെണ്കുഞ്ഞുങ്ങള്ക്കും 10 വയസ്സാകുമ്പോഴോ, അതിനു ശേഷമോ റൂബല്ല വാക്സിന് നല്കുക.

പരിശോധനയും ഭക്ഷണവും പ്രധാനം
ഗര്ഭിണിയാണെന്നറിയുമ്പോള് മുതല് ശരിയായ വിധത്തിലുള്ള പരിശോധനകള്ക്ക് വിധേയയാകേണ്ടതുണ്ട്. കുഞ്ഞിന്റെ വളര്ച്ചയ്ക്കാവശ്യമായ അധിക ആഹാരം അമ്മ കഴിക്കേണ്ടത് ആവശ്യമാണ്. കുഞ്ഞിന്റെ രക്താണുക്കള്ക്കുവേണ്ടി അയേണും പല്ലിനും എല്ലിനുംവേണ്ടി കാത്സ്യവും അമ്മ കഴിക്കണം. ടെറ്റനസ് രോഗം കുഞ്ഞിനു വരാതിരിക്കാന് ടെറ്റനസ് ടോകേ്സായ്ഡ് കുത്തിവെപ്പെടുക്കണം. അമ്മയുടെ രക്തഗ്രൂപ്പ് നിര്ണയം വളരെ പ്രധാനമാണ്. പ്രസവസമയത്തെ കാര്യങ്ങളെക്കുറിച്ച് അമ്മയ്ക്ക് ഒരു ശ്രദ്ധയുണ്ടായിരിക്കുന്നത് നല്ലതാണ്. സാധാരണ പ്രസവമാകുമ്പോള് അതിലൊരു ബുദ്ധിമുട്ടും ഇല്ല. കുഞ്ഞിന്റെ ഭാരം എത്രയുണ്ട്, ജനിച്ചയുടനെ കരഞ്ഞോ? കരഞ്ഞില്ലെങ്കില് എന്തുചെയ്തപ്പോഴാണ് കരഞ്ഞത് തുടങ്ങിയ കാര്യങ്ങള് അമ്മ അറിഞ്ഞിരിക്കുന്നത് പിന്നീട് കുഞ്ഞിന്റെ ആരോഗ്യകാര്യത്തില് സഹായകരമായി വരാം.

ജനിച്ചാലുടന് അരമണിക്കൂറിനുള്ളില് കുഞ്ഞിനെ മുലയൂട്ടണം. ജനിച്ചാലുടന് കുഞ്ഞുങ്ങള് വളരെ ഉണര്വോടെയാണ് കാണപ്പെടുന്നത്. ഒരു 30-40 മിനിറ്റ് കഴിയുമ്പോള് അവര് ഉറങ്ങിപ്പോകും. ആദ്യത്തെ ആ ഉണര്വിന്റെ അവസ്ഥയില്ത്തന്നെയാണെങ്കില് ആരുടെയും സഹായമൊന്നുമില്ലാതെ തന്നെ അവര് പാല് കുടിച്ചുകൊള്ളും. അമ്മ സിസേറിയന് ഓപ്പറേഷന് കഴിഞ്ഞ് കിടക്കുകയാണെങ്കില് ആരെങ്കിലും ഒന്ന് അടുപ്പിച്ചുകൊടുത്താല്മതി കുഞ്ഞ് മുല വലിച്ചുകുടിച്ചുകൊള്ളും. മുലയൂട്ടല് വിജയകരമാകണമെങ്കില് കുഞ്ഞിനെ ജനിച്ച് അരമണിക്കൂറിനുള്ളില്ത്തന്നെ മുലയൂട്ടിത്തുടങ്ങേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞോമനയുടെ ഭക്ഷണം
ആദ്യത്തെ ആഹാരം മാത്രമല്ല ആദ്യത്തെ ആറുമാസത്തെ ആഹാരവും മുലപ്പാല് തന്നെയാണ്; മുലപ്പാല് മാത്രമാണ്. ആറുമാസമായിക്കഴിഞ്ഞാല് കുറുക്കുകള് കൊടുത്തുതുടങ്ങാം. പാലില് കുറുക്കേണ്ട, വെള്ളത്തില് മതി. ധാന്യങ്ങള്, ഏത്തക്കാപ്പൊടി മുതലായവയാകാം. കുഞ്ഞിനെ കാലില് കിടത്തിയല്ല, മടിയില് ഇരുത്തിയാണ് കൊടുക്കേണ്ടത്. മുലയൂട്ടുന്നതും ഇരുന്നുകൊണ്ട് മതി.

ആറുമുതല് ഒമ്പതു മാസം വരെയാണ് കുറുക്കുകള് നല്കേണ്ടത്. ഒമ്പതുമാസമാകുമ്പോള് മയമുള്ള ആഹാരങ്ങള് കൊടുത്തുതുടങ്ങാം. ദോശ, ഇഡ്ഡലി, അപ്പം, ചോറ് തുടങ്ങിയവ ചവയ്ക്കാന് പല്ലില്ലാത്തതിനാല് എല്ലാം മയപ്പെടുത്തി കൊടുക്കണം. മുലപ്പാല് തുടരണം. ചോറും ദോശയുമൊക്കെ കൊടുക്കുമ്പോള് കറികള് കൂട്ടി കൊടുക്കണം. അല്ലെങ്കില് പില്ക്കാലത്ത് ചോറുകഴിക്കാന് മടി കാണിക്കും. എല്ലാവിധ രുചികളും ഒരു വയസ്സാകുമ്പോള് പരിചയപ്പെടണം. ആഹാരത്തിനുപകരം ബിസ്കറ്റും കേക്കും മിക്സ്ചറുമൊക്കെ നല്കി കുഞ്ഞുങ്ങളെ വളര്ത്തരുത്.

നമ്മുടെ കുട്ടികളുടെ ആഹാരരീതി പരിശോധിച്ചാല് മനസ്സിലാകുന്നത് അവ മാംസ്യത്താല്മാത്രം സംപുഷ്ടമാണെന്നാണ്. പാല്, മുട്ട, ഇറച്ചി മാത്രമാണ് പല കുട്ടികളുടെയും ആഹാരം. ചോറും പച്ചക്കറികളും കഴിക്കുകയേ ഇല്ല. 'ഇതിനുത്തരവാദികള് അച്ഛനമ്മമാര് തന്നെയാണ്. ഒരുവയസ്സിനടുപ്പിച്ചുള്ള പ്രായത്തിലാണ് അവരുടെ രുചിഭേദങ്ങളും ആഹാരത്തിനോടുള്ള അഭിരുചികളും രൂപപ്പെടുന്നത് . ആ സമയത്ത് കഴിച്ചു ശീലിക്കുന്നതെന്തോ ആ ആഹാരത്തോടായിരിക്കും അവര്ക്ക് വളര്ന്നാലും താത്പര്യം. അതുകൊണ്ട് കുഞ്ഞ് പില്ക്കാലത്ത് കഴിക്കേണ്ട ആഹാരം എന്താണോ അതുവേണം ഒരുവയസ്സാകുമ്പോള് കഴിക്കാന് നല്കേണ്ടത്.തന്നെ വാരിക്കഴിക്കാന് കുഞ്ഞിനെ അനുവദിക്കേണ്ടതാണ്. വിശക്കുമ്പോള് ആഹാരം കഴിക്കാന് കുഞ്ഞിനെ അനുവദിക്കുക.രോഗപ്രതിരോധ കുത്തിവെപ്പുകള് സമയത്തുതന്നെ നല്കണം. തീയതി തെറ്റിപ്പോയാല് ഏറ്റവും അടുത്ത നാളില്ത്തന്നെ നല്കണം.

വളര്ച്ച
കുഞ്ഞിന്റെ വളര്ച്ചയെക്കുറിച്ചും ഒരു ഏകദേശരൂപം അമ്മമാര്ക്കുണ്ടാവേണ്ടതാണ്. ഒരു ഇന്ത്യന് കുഞ്ഞിന്റെ ശരാശരി തൂക്കം 3 കിലോഗ്രാം ആണ്. ആ കുഞ്ഞിന് ഒരു വയസ്സാകുമ്പോള് 9 കിഗ്രാം തൂക്കമാണ് വേണ്ടത്. പക്ഷേ, വേണ്ട തൂക്കത്തിനേക്കാള് 20ശതമാനം കൂടിയാലോ കുറഞ്ഞാലോ കുഴപ്പമില്ല.ജനിക്കുമ്പോള് 50 സെ.മീ നീളമുള്ള കുഞ്ഞിന് ഒരുവയസ്സാകുമ്പോള് 75 സെ.മീ നീളം ഉണ്ടാകും.

ഇനി കുഞ്ഞിന്റെ ബുദ്ധിപരമായ വളര്ച്ച. 56-ാം ദിവസം എത്തുമ്പോഴേക്കും കുഞ്ഞ് മുഖത്തുനോക്കി ചിരിക്കാന് തുടങ്ങും. മൂന്നുമാസം ആകുമ്പോള് അമ്മയെ തിരിച്ചറിയാന് തുടങ്ങും. നാലുമാസമാകുമ്പോള് തല നേരെ പിടിക്കും. 4-5 മാസത്തില് കമിഴ്ന്നുവീഴും. 8-9 മാസമാകുമ്പോള് ഇരിക്കും. ഒന്ന്-ഒന്നര വയസ്സാകുമ്പോള് നടക്കാറാകും. അച്ഛാ, അമ്മ എന്നൊക്കെ പറയാന്
തുടങ്ങും.

കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളര്ച്ചയുടെ സ്വാഭാവികപരിണാമത്തിന് എന്തെങ്കിലും വ്യത്യാസം വന്നാല്മാത്രമേ മാതാപിതാക്കള് ആകാംക്ഷപ്പെടേണ്ടതുള്ളൂ. ശിശുപരിപാലനത്തെക്കുറിച്ച് ഒരു ഏകദേശരൂപം ഉണ്ടെങ്കില് അനാവശ്യ ആധിയും വെപ്രാളവും ഒഴിവാക്കാം.


Courtacy:Madhrubhumi Daily.