പ്രവാസി ക്ഷേമനിധി: അംശദായം അടക്കാന്‍ അക്ഷയയിലും എസ്.ബി.ടിയിലും സംവിധാനം

മസ്‌കത്ത്: പ്രവാസി ക്ഷേമ നിധിയിലേയ്ക്ക് അംശദായം ഇനി മുതല്‍ നാട്ടിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി നേരിട്ടും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ (എസ്.ബി.ടി) ഓട്ടോ ഡെബിറ്റ് സംവിധാനം വഴിയും അടക്കാമെന്ന് സംസ്ഥാന പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡംഗം പി.എം. ജാബിര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ വഴി അംഗങ്ങള്‍ക്കോ അവര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തികള്‍ക്കോ അംഗത്വകാര്‍ഡും അംശദായ അടവുകാര്‍ഡും ഉപയോഗിച്ച് തുക നേരിട്ട് അടക്കാന്‍ കഴിയും.. അംഗങ്ങള്‍ നല്‍കുന്ന തുക അവരുടെ അക്കൗണ്ടില്‍ വരവ് വെക്കുന്നുതിന് പ്രവാസി ക്ഷേമ ബോര്‍ഡിന്റെ അംഗീകൃത മുദ്രയുളള കമ്പ്യൂട്ടര്‍ ജനറേറ്റഡ് രസീതാണ് ലഭിക്കുന്നതെന്ന് പണമടക്കുന്നവര്‍ ഉറപ്പുവരുത്തണം. എസ്.ബി.ടിയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ള അംഗങ്ങള്‍ക്ക് ഓട്ടോ ഡെബിറ്റ് സംവിധാനം ഉപയോഗിച്ച് അംശദായം അടക്കാവുതാണ്. അക്കൗണ്ടില്‍ നിന്ന് ക്ഷേമനിധിയിലേക്ക് അടക്കേണ്ട അംശാദായനിരക്കും അടവ് കാലവധിയും കാണിച്ച് ഒരു നിര്‍ദ്ദേശം ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പച്ചിരിക്കണം. ഇതിനായുള്ള ഫോറം ക്ഷേമ ബോര്‍ഡിന്റെ www.pravasiwelfarefund.org എന്ന വെബ്‌സൈറ്റിലും തിരുവനന്തപുരം കവടിയാറില്‍ (ജവഹര്‍ നഗര്‍) പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ഓഫീസിലും ലഭ്യമാണ്. അംഗങ്ങള്‍ക്ക് അംശദായ അടവ് വിവരങ്ങള്‍ ഉള്‍പ്പെടെ അംഗത്വത്തെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മേല്‍പറഞ്ഞ വെബ്‌സൈറ്റില്‍ നിരീക്ഷിക്കാവുന്നതാണ്. ഈ സംവിധാനങ്ങള്‍ നവംബര്‍ 15 മുതല്‍ നിലവില്‍ വരുമെന്നും പി.എം. ജാബിര്‍ അറിയിച്ചു .